PEDRO PARDO / AFP

സി . പി . ജെ . (CPJ) യുടെ സുരക്ഷാ മുന്നറി യി പ്പുകള്‍ : കൊ റോ ണ വൈ റസ് മഹാ മാ രി റി പ്പോ ര്‍ട്ട് ചെ യ്യുമ്പോ ള്‍

2020 മാര്‍ച്ച് 11 ന് ലോകാരോഗ്യ സംഘടന (WHO), കോവിഡ്-19 (നോവല്‍ കൊറോണ വൈറസ്) നെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ സ്ഥിതികൾ ക്രമാനുഗതമായി പരിണമിക്കുകയാണ്. കോവിഡ് -19 നെതിരായ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടിക്ക് വേഗം കൈവരുകയും കൊറോണ വൈറസിന്റെ പല വകഭേദങ്ങള്‍ കണ്ടെത്തുകയും ഒക്കെ ചെയ്യുന്ന ആഗോള സാഹചര്യത്തില്‍ രാജ്യങ്ങളില്‍ ചിലത് യാത്രാ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഇളവു വരുത്തുകയോ, അല്ലെങ്കില്‍ കര്‍ക്കശമാക്കുകയോ ഒക്കെ ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മഹാമാരിയെക്കുറിച്ചും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ജനങ്ങളെ അറിയിക്കുകയെന്ന സുപ്രധാന ദൗത്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. കമ്മിറ്റി ടു പ്രൊട്ടക്ട്  ജേണലിസ്റ്റ് (CPJ) ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച്  പല രാജ്യങ്ങളിലും അധികാരികള്‍ സ്വതന്ത്ര്യമായി റിപ്പോര്‍ട്ടു നല്‍കുന്നതിനെ തടയുകയും  വിവരങ്ങള്‍ ലഭ്യമാക്കാതിരിക്കുകയും  ചെയ്തിട്ടുണ്ട്. സിപിജെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് അവര്‍ വലിയ സമ്മര്‍ദ്ദവും സംഘര്‍ഷങ്ങളും നേരിടുന്നു എന്നതാണ്. അതുമാത്രമല്ല, പലപ്പോഴും യാത്ര ചെയ്യുമ്പോഴും അഭിമുഖങ്ങള്‍ തയ്യാറാക്കുമ്പോഴും ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അവസ്ഥ കാരണവും മാധ്യമ പ്രവര്‍ത്തകര്‍ കൂടുതലായി രോഗ ബാധിതരാകാന്‍ സാധ്യത ഏറെയാണ്. ഈയിടെ ഇറങ്ങിയ സിപിജെ യുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് പോലെ, മാധ്യമ പ്രവര്‍ത്തകര്‍ക്ക് പല വെല്ലുവിളികളും നേരിടേണ്ടി വരുന്നു. അവര്‍ക്ക് കോവിഡ് കാരണം അവരുടെ ജിവിതോപാധി തന്നെ നഷ്ടമാകുന്നു, അവര്‍ ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കപ്പെടുന്നു.

ലോകാരോഗ്യ സംഘടന (WHO) യും  പ്രാദേശിക ആരോഗ്യ സംവിധാനങ്ങളും നല്‍കുന്ന ഏറ്റവും പുതിയ ഉപദേശങ്ങളെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ബോധവാന്മാരാകേണ്ടതുണ്ട്.  രോഗ വ്യാപനത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവലംബിക്കാവുന്ന സുരക്ഷിതവും വിശ്വാസ്യതയുമുള്ളതുമായ വിവര സഞ്ചയമാണ് ജോണ്‍സ് ഹോപ്കിന്‍സ് യുണിവേഴ്‌സിറ്റി കൊറോണവൈറസ് റിസോഴ്‌സ് സെന്റര്‍ .

സുരക്ഷിതരായി ഇരിക്കുന്നത്

അന്താരാഷ്‌ട്ര യാത്രകള്‍ക്കുള്ള നിയന്ത്രണങ്ങളോ സുരക്ഷിത മാനദണ്ഡങ്ങളോ അടിക്കടി മാറുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്നോ അല്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ തന്നെയോ ഏല്‍പ്പിക്കുന്ന  ചുമതലകള്‍ മാറ്റപ്പെടാം.

യു. എസ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷൻ (CDC) ന്റെ നിഗമനത്തില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവരില്‍ നിന്നും വൈറസ് വ്യാപനം സാധ്യമാണ്. ഇക്കാര്യം മാധ്യമ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ മനസ്സിലാക്കണം. എന്നു മാത്രമല്ല, യേല്‍ മെഡിസിന്‍ പറയുന്നത് പ്രകാരം, ഒരോ പ്രതിരോധ മരുന്നും  വൈറസിന്റെ വകഭേദങ്ങളെ വ്യത്യസ്തമായ രീതിയിലാണ് പ്രതിരോധിക്കുന്നത്. അതുകൊണ്ട് തന്നെ മുഖാവരണം ധരിക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ്-19 മായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

കോവിഡ്-19 നെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നവർ സുരക്ഷ ഉറപ്പു വരുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

ജോലിക്ക് പോകുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ടത്

  • റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പ് കോവിഡ്- 19  പ്രതിരോധ കുത്തിവെയ്പ്പ് സാധ്യമെങ്കില്‍ എടുക്കുക, പ്രത്യേകിച്ച് രോഗ വ്യാപനം കൂടുതലായുള്ള സ്ഥലങ്ങളില്‍ പോകുമ്പോള്‍
  • നിങ്ങളുടെ സ്ഥലത്തെയും റിപ്പോര്‍ട്ടിങ്ങിന് പോകേണ്ട സ്ഥലത്തേയും രോഗ വ്യാപന തോത് കണക്കിലെടുത്തും  രോഗം ബാധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതിനും നേരിട്ടു പോയുള്ള അഭിമുഖങ്ങള്‍ക്ക് പകരം  ഫോണ്‍ – ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തണം.
  • സിഡിസി (CDC) യുടെ അറിയിപ്പ് പ്രകാരം പ്രമേഹ രോഗവും അമിത വണ്ണവും ഉള്ളവര്‍ക്ക് വൈറസ് ബാധ മൂലമുള്ള അപകട സാധ്യത കൂടുതലാണ്. നിങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍, രോഗ വ്യാപനത്തിന്റെ തോത് കൂടി പരിഗണിച്ച് പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് ചെയ്യേണ്ട ജോലിയാണെങ്കില്‍ അത് ഏറ്റെടുക്കുന്നത് ഒഴിവാക്കണം. ഗര്‍ഭിണികള്‍ക്കും ഇതേ പരിഗണന നല്‍കണം.
  • ഹൃസ്വമായ മുന്നറിയിപ്പോ അല്ലെങ്കില്‍ മുന്നറിയിപ്പ് തന്നെ ഇല്ലാതെയോ ആഗോള യാത്ര ക്രമീകരണങ്ങളിലും ലോക്ഡൗണുകളിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ക്ക് ജോലിക്കിടെ രോഗ ബാധ ഉണ്ടായാലോ, അല്ലെങ്കില്‍ ലോക്ഡൗണ്‍ പ്രദേശത്ത് കുടുങ്ങി പോകുകയോ, സ്വയം മാറി നില്‍ക്കേണ്ടി വരികയോ ചെയ്താലോ ഉള്ള സാഹചര്യം നേരിടാന്‍ മാനേജ്‌മെന്റിനുള്ള പദ്ധതികള്‍ എന്താണെന്നത് സംബന്ധിച്ച് അവരുമായി ചര്‍ച്ച നടത്തണം.

മാനസികാരോഗ്യ ക്ഷേമം

  • കോവിഡ്-19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കുടുംബാംഗങ്ങള്‍ ആശങ്കാകുലരാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കോവിഡിനെപ്പറ്റിയും അതിന്റെ സങ്കീര്‍ണതകളെക്കുറിച്ചും അവരുടെ ആശങ്കകളെപ്പറ്റിയും ചര്‍ച്ച ചെയ്യുക. ആവശ്യമെങ്കിൽ കുടുംബാംഗങ്ങളും നിങ്ങളുടെ സ്ഥാപനത്തിലെ ആരോഗ്യ ഉപദേശകരുമായി ഒരു സംഭാഷണത്തിന്‌ വഴിയൊരുക്കാം.
  • കോവിഡ്-19  പടര്‍ന്നുപിടിച്ച സ്ഥലത്തുനിന്നോ  മുഖ്യമായി മെഡിക്കല്‍ ഐസോലേഷന്‍ ക്വാറന്റൈൻ സോണില്‍നിന്നോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന മാനസികാഘാതത്തെക്കുറിച്ച് പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് ഡിഎആര്‍ടി സെന്റര്‍ ഫോര്‍ ജേണലിസം ആന്‍ഡ് ട്രോമ

മാനസികാരോഗ്യം

 കോവിഡ് -19 മഹാമാരി റിപ്പോര്‍ട്ടു് ചെയ്യുമ്പോള്‍ പരിചയ സമ്പന്നരായ മാധ്യമ പ്രവര്‍ത്തകര്‍ പോലും തളര്‍ന്നു പോകുന്ന അവസ്ഥയുണ്ടാകുന്നുവെന്നാണ് ഓക്‌സ്‌ഫേഡ് സര്‍വകലാശാലയിലെ റോയ്‌ട്ടേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  പഠനം വ്യക്തമാക്കുന്നത്. എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ഈ സാഹചര്യവുമായി പൊരുത്തപ്പെടുന്നതെന്ന കാര്യം മാനേജ്‌മെന്റ്  സ്ഥിരമായി ഉറപ്പു വരുത്തണം. അവര്‍ക്ക്  ആവശ്യമായ അവസരങ്ങളില്‍ വേണ്ട  പിന്തുണയും നിര്‍ദ്ദേശങ്ങളും നല്‍കുകയും വേണം.

കോവിഡ്- 19 ബാധിക്കപ്പെട്ട സ്ഥലത്തു നിന്നോ ലോക്ഡൗണ്‍ നിലവിലുള്ള പ്രദേശത്തു നിന്നോ റിപ്പോര്‍ട്ടു ചെയ്യുമ്പോഴുണ്ടായേക്കാവുന്ന  മാനസികാകാഘാതത്തെക്കുറിച്ച് ആലോചിക്കുക. ഇത്തരം അവസരങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്രയിക്കാവുന്ന വിവരങ്ങള്‍ അടങ്ങിയ ശേഖരമാണ് ഡാര്‍ട്ടിന്റെ സെന്റര്‍ ഫോര്‍ ജേണലിസം ആന്റ് ട്രോമ. കോവിഡ്- 19 റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍  മാനസികാരോഗ്യുമായി ബന്ധപ്പെട്ട് അനുവര്‍ത്തിക്കേണ്ട ഏറ്റവും ഉചിതമായ രീതികള്‍ പ്രതിപാദിക്കുന്ന സിപിജെ (CPJ) യുടെ എമര്‍ജന്‍സി പേജും കാണുക.

പകരുന്നതും പകര്‍ത്തുന്നതും ഒഴിവാക്കുക

പല രാജ്യങ്ങളും സാമുഹ്യ അകലമോ ശാരീരിക അകലമോ പാലിക്കുന്നത് ഇപ്പോഴും ഉറപ്പുവരുത്തുന്നു. ഒരോ രാജ്യത്തും ഇതു സംബന്ധിച്ച് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അകലം വ്യത്യസ്തമായിരിക്കുമെന്ന് മാത്രം. അപകട സാധ്യത കൂടുതലുള്ള മേഖലയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്കില്‍ അത്തരം മേഖലകളില്‍ താഴെ പറയുന്ന സ്ഥലങ്ങളുണ്ടെങ്കില്‍  അവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ എന്തെന്ന് മുന്‍കൂട്ടി മനസ്സിലാക്കുക. സംശയമുണ്ടെങ്കില്‍ ആ ഭാഗത്ത് പോകാതിരിക്കുക.

  • ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങള്‍
  • വയോജന കേന്ദ്രം
  • രോഗാവസ്ഥയുളളവരുടെയോ വയോജനങ്ങളുടെതോ പ്രായമായവരുടെതോ, ഗര്‍ഭിണികളുടെതൊ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗമുള്ളവരുടെയോ വീടുകള്‍
  • ശവപ്പറമ്പ്, മോര്‍ച്ചറി, ശവസംസ്‌ക്കാര ശുശ്രൂഷ നടക്കുന്ന സ്ഥലം
  • സമ്പര്‍ക്ക വിലക്കുള്ള സ്ഥലം, ലോക്ഡൗണ്‍ മേഖലകള്‍
  • ജനസാന്ദ്രത കൂടുതലുള്ള നഗര പ്രദേശങ്ങള്‍ (ഉദാഹരണം ചേരികള്‍)

വൈറസ് ബാധ ഒഴിവാക്കുന്നതിനുള്ള അടിസ്ഥാന നിര്‍ദ്ദേശങ്ങള്‍

  • പ്രാദേശിക അധികാരികള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിക്കുക. ചുമ, തുമ്മല്‍, തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായും വയോജനങ്ങളുമായും അഭിമുഖം നടത്തുമ്പോഴും, രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി അടുത്തിടപഴകുന്നവരോട് സംസാരിക്കുമ്പോഴും, കോവിഡ് -19 രോഗികളെ പരിചരിക്കുന്നവരുമായി അഭിമുഖം നടത്തുമ്പോഴും ഗുരുതര സാഹചര്യം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ തൊഴിലാളികളുമായി സംസാരിക്കുമ്പോഴും അങ്ങേയറ്റം കരുതലെടുക്കുക.
  • തുറസ്സായ സ്ഥലത്ത് വച്ച് അഭിമുഖം നടത്താന്‍ തീരുമാനിക്കുക. മുറികള്‍ക്കുള്ളില്‍ വെച്ച് അഭിമുഖം നടത്തേണ്ടത് അനിവാര്യമാണെങ്കില്‍ വായു സഞ്ചാരമുള്ള മുറി തെരഞ്ഞെടുക്കുക( ഉദാഹരണത്തിന് തുറന്ന ജനലുകള്‍ ഉള്ളത്). ഇടുങ്ങിയ ഇടങ്ങൾ ഇതിനായി തെരഞ്ഞെടുക്കാതിരിക്കുക.
  • ഹസ്തദാനം നടത്തുന്നതോ ആലിംഗനം ചെയ്യുന്നതോ, ചുംബനം നല്‍കുന്നതോ ഒഴിവാക്കുക.
  • അഭിമുഖം നടത്തുമ്പോള്‍ നേര്‍ക്കു നേര്‍ ഇരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അഭിമുഖം ചെയ്യുന്ന ആളുമായി വശങ്ങളിലേക്ക് മാറി നിര്‍ദ്ദേശിക്കപ്പെട്ട ശാരീരിക അകലം പാലിച്ചു മാത്രം അഭിമുഖം നടത്തുക
  • ചൂട് വെള്ളവും സോപ്പും ലഭ്യമാകാത്ത സാഹചര്യത്തില്‍ ബാക്ടീരിയകളെ ഇല്ലായ്മ ചെയ്യുന്ന ജെല്ലുകളെ ഉപയോഗിക്കുക. അതിന് ശേഷം സാധ്യമായിടത്തോളം വേഗത്തില്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക ( 60 ശതമാനത്തിലധികം ഈത്തനോളും 70 ശതമാനത്തിലധികം  ഇസോപ്രപനോളും അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നാണ് സി.ഡി.സി. (CDC) നിര്‍ദ്ദേശിക്കുന്നത്). സാധാരണ രീതിയിലുളള കൈ കഴുകലിന് പകരം സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കുക.
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മറച്ചു പിടിക്കുക. ഒരു ടിഷ്യു പേപ്പറിലാണ് തുമ്മുകയോ, ചുമയ്ക്കുകയോ ചെയ്യുന്നതെങ്കില്‍ അത് ശരിയായ രീതിയില്‍ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കുക. അതിനു ശേഷം കൈ ശരിയായ രീതിയില്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തുക
  • മുഖവും വായയും മൂക്കും ചെവിയും സ്പര്‍ശിക്കാതിരിക്കുക
  • മറ്റാളുകള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ള കപ്പില്‍ നിന്നോ പാത്രങ്ങളില്‍ നിന്നോ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുക
  • നീണ്ട മുടിയുളളവര്‍ അത് കെട്ടി ശരിയായ രീതിയില്‍ ഒതുക്കി വെയ്ക്കുക. മറ്റുള്ളവര്‍ മുടി എപ്പോഴും മൂടിക്കെട്ടാന്‍ ശ്രദ്ധിക്കുക
  • ജോലിക്ക് പുറപ്പെടു മുമ്പ്  വാച്ചും ആഭരണങ്ങളും അഴിച്ചു വെയ്ക്കുക. വ്യത്യസ്തങ്ങളായ ഉപരി തലങ്ങളില്‍ വൈറസിന് നിരവധി സമയം സജീവമായി ഇരിക്കാന്‍ കഴിയുമെന്ന കാര്യം ശ്രദ്ധിക്കുക.
  • കണ്ണട ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഇടയ്ക്കിടെ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുന്നുവെന്ന് ഉറപ്പു വരുത്തുക.
  • ചില വസ്ത്രങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ പറ്റുമെന്ന കാര്യം കൂടി ആലോചിച്ചു വേണം എന്തു ധരിക്കുമെന്ന കാര്യം തീരുമാനിക്കേണ്ടത്. ജോലി കഴിഞ്ഞാല്‍ ശരിയായ രീതിയില്‍ വസ്ത്രങ്ങള്‍ അഴിച്ച് ചൂടു വെള്ളത്തില്‍ അലക്കുപൊടി ഉപയോഗിച്ച് കഴുകേണ്ടതാണ്.
  • ജോലി സമയത്ത് പണം ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഡബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകള്‍, പേഴ്സുകള്‍ ഇവയെല്ലാം കൃത്യമായ ഇടവേളകളില്‍ ശുദ്ധമാക്കുന്നുവെന്ന് ഉറപ്പു വരുത്തുക. പോക്കറ്റില്‍ കൈ ഇട്ടു കൊണ്ടിരിക്കുന്നത് പരമാവധി ഒഴിവാക്കുക
  • ജോലിക്ക് പോകുമ്പോള്‍ സാധ്യമെങ്കില്‍ തിരക്കുള്ള സമയങ്ങളില്‍ പൊതു ഗതാഗതം ഒഴിവാക്കുക. വാഹനങ്ങളില്‍ നിന്നിറങ്ങുമ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോിക്കുന്നുവെന്ന് ഉറപ്പു വരുത്തുക
  • സ്വന്തം വണ്ടിയിലോ കമ്പനി വണ്ടിയിലോ ആണ് യാത്ര ചെയ്യുന്നതെങ്കിലും വണ്ടിയുടെ ജനലുകള്‍ വായു സഞ്ചാരം ഉറപ്പു വരുത്തുന്ന തരത്തില്‍ തുറന്നിടുക. വൈറസ് ബാധിതനായ ഒരാളില്‍ നിന്ന് വണ്ടിക്കുള്ളില്‍ നിന്നും രോഗാണു പകരും എന്ന കാര്യം ഓര്‍ക്കുക.  വണ്ടിക്കുള്ളിലും മുഖാവരണങ്ങള്‍ ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • കൃത്യമായ രീതിയില്‍ വിശ്രമം ഉറപ്പുവരുത്തുക. ക്ഷീണിതരാകുമ്പോള്‍ സ്വയം ശുദ്ധീകരിക്കുന്ന കാര്യത്തിലൊക്കെ അബന്ധങ്ങള്‍ പറ്റാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ജോലിക്കു മുമ്പും അതിന് ശേഷവും ദീര്‍ഘമായ ഡ്രൈവിങ് ആവശ്യമെങ്കില്‍ അക്കാര്യവും മുന്‍കൂട്ടി ഓര്‍ക്കുക.

മെഡിക്കൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (PPE)

ചെയ്യാന്‍ പോകുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിവിധ തരത്തിലുള്ള മെഡിക്കല്‍ പിപിഇ കിറ്റുകള്‍ ഉപയോഗിക്കേണ്ടി വരും. ഉപയോഗിച്ചതിന് ശേഷം ഉപേക്ഷിക്കുന്ന ഗ്ലൗസുകള്‍, മുഖാവരണങ്ങള്‍, ശരീര കവചങ്ങള്‍, ഷൂ കവറുകള്‍ എന്നിവയാണവ.

പിപിഇ കിറ്റുകള്‍ ശരിയായ രീതിയില്‍ ധരിക്കുന്നതിനും അഴിച്ചു മാറ്റുന്നതിനും അതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല മാതൃകകള്‍ തന്നെ അനുവര്‍ത്തിക്കണം.  സി.ഡി.സി (CDC) യുടെ പൊതുവായുള്ള മാര്‍ഗനിര്‍ദ്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പിപിഇ കിറ്റുകള്‍ അഴിച്ചു മാറ്റുമ്പോൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം, കാരണം ഈ സമയത്ത് രോഗ വ്യാപന സാധ്യത ഏറ്റവും കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, ജോലിക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ വിദഗ്ദരുടെ നിര്‍ദ്ദേശം തേടണം

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ചില രാജ്യങ്ങളില്‍ നല്ല നിലവാരമുള്ള പിപിഇ കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടാകാമെന്നതാണ്.  അവ ലഭിക്കാനും ബുദ്ധിമുണ്ടാകാം. അതു കൊണ്ട് അവയുടെ ഉപയോഗം ക്ഷാമം ഉണ്ടാക്കാന്‍ ഇടയുണ്ട്

  • നിങ്ങളുടെ അളവിലുള്ള പിപിഇ കളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക. പാകമല്ലാത്തവ സഞ്ചാരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതും അവ (ഇറുകിയതാണെങ്കില്‍) കീറി പോകാന്‍ സാധ്യതയുള്ളതുമാണ് ; അവ (അയഞ്ഞതാണെങ്കില്‍) വാതില്‍ കൊളുത്തുകളില്‍ കുടുങ്ങി കീറി പോകാനുള്ള സാധ്യതയുമുണ്ട് 
  • സ്വീകാര്യതയുള്ള ബ്രാന്റുകളുടെ മാത്രം മെഡിക്കല്‍ പിപിഇ കള്‍ ഉപയോഗിക്കുക. നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളാണ് പരിഗണിക്കേണ്ടത്. വ്യാജ ഉല്‍പ്പന്നങ്ങളെയും തകരാറുള്ളവയേയും കരുതിയിരിക്കണം. പ്രധാനപ്പെട്ട ബ്രാന്റുകളുടെ വിവരങ്ങള്‍ ഇവിടെ കാണാം
  • ആതുര ശുശ്രൂഷ കേന്ദ്രം പോലുള്ള രോഗവ്യാപന സാധ്യത  സ്ഥലങ്ങള്‍ സന്ദര്‍ശിക്കേണ്ടി വരുമ്പോള്‍ സുരക്ഷ നല്‍കുന്ന കൈയുറകള്‍ ഉപയോഗിക്കണം. റബ്ബര്‍ കൈയുറകളെക്കാള്‍ കൂടുതല്‍ സംരക്ഷണം നല്‍കുന്നത് നൈട്രെല്‍ കൈയുറകളാണെന്ന കാര്യം ഓര്‍ക്കണം. രണ്ട് ജോടി കൈയുറകള്‍ ധരിക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കും.
  • അപകട സാധ്യത ഏറെയുള്ള, ചികില്‍സ കേന്ദ്രങ്ങള്‍ പോലുളള സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമ്പോള്‍ കൂടുതല്‍ സുരക്ഷയ്ക്ക് ശരീരം പൂര്‍ണമായും മറയ്ക്കുന്ന സ്യൂട്ടുകളും മുഖാവാരണങ്ങളും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്
  • ശരീരം പൂര്‍ണമായും മറയ്ക്കുന്ന ആവരണങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ പിപിഇ ധരിക്കുന്നതിന് മുമ്പ് ശൗച്യാലയത്തില്‍ പോകുന്നുവെന്ന് ഉറപ്പുവരുത്തുക.
  • റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് ചിലപ്പോള്‍ ഉപയോഗം കഴിഞ്ഞ  ശേഷം ഉപേക്ഷിക്കേണ്ട ചെരുപ്പുകളും വെള്ളത്തെ പ്രതിരോധിക്കുന്ന ഷൂകളും ഉപയോഗിക്കേണ്ടി വരും. രോഗ ബാധിത പ്രദേശങ്ങളില്‍ നിന്ന് പുറത്തു കടന്ന ഉടന്‍ തുടച്ചു വൃത്തിയാക്കേണ്ടതാണ്. വെള്ളത്തെ പ്രതിരോധിക്കുന്ന ഷൂ കവറുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ പ്രദേശത്തു നിന്ന് മാറുന്നതിന് മുമ്പ് തന്നെ  അവ സുരക്ഷിതമായി ഉപേക്ഷിക്കേണ്ടതാണ്.
  • പിപിപി കവചങ്ങള്‍ ധരിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാകണം, കാരണം ഈ സമയത്ത് രോഗ വ്യാപന സാധ്യത കൂടുതലാണ്. എങ്ങനെയാണ് അവ ധരിക്കേണ്ടതെന്നും അഴിച്ചുമാറ്റേണ്ടെതെന്നും സൂചിപ്പിക്കുന്ന സി.ഡി.സി. (CDC) യുടെ ഈ വിഡിയോ കാണുന്നത് ഉപകാര പ്രദമായേക്കും. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍ നോട്ടത്തിന് പകരമാണ്  ഈ വിഡിയോ എന്ന് കണക്കാക്കരുത്
  • ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പാടുള്ള കൈയുറകള്‍, മേല്‍ വസ്ത്രങ്ങള്‍, ഷൂ ആവരണങ്ങള്‍ എന്നിവ പിന്നീട് ഉപയോഗിക്കാന്‍ പാടുള്ളതല്ല. പിന്നീട് ഉപയോഗിക്കേണ്ടി വരുന്ന ഏതെങ്കിലും ഉപകരണങ്ങളുണ്ടെങ്കില്‍ അവ അണു മുക്തമാക്കി വൃത്തിയാക്കേണ്ടതാണ്. രോഗ ബാധിത പ്രദേശത്തു നിന്ന് പുറത്തു കടക്കുന്നതിന് മുമ്പ് അണു ബാധിതമായ എല്ലാ മെഡിക്കല്‍ സുരക്ഷ ഉപകരണങ്ങളും കരുതലോടെ ഉപേക്ഷിക്കേണ്ടതാണ്

മുഖാവരണങ്ങള്‍

അടച്ചിട്ട ഇടങ്ങളിൽ നിന്നും പൊതു ജനങ്ങളുടെ ഇടയില്‍ നിന്നും അപകട സാധ്യത ഏറെയുള്ള സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുന്ന മാധ്യമ പ്രവര്‍ത്തകരെ സംബന്ധിച്ച് മുഖാവരണങ്ങള്‍ ശരിയായി ധരിക്കുകയെന്നത് പ്രധാനമാണ്. അടച്ചിട്ട ഇടങ്ങളിൽ വൈറൽ ശ്വസന തുള്ളികളുടെ 

സാന്നിധ്യം മറ്റുള്ള ഇടങ്ങളെക്കാള്‍ കൂടുതലാവാന്‍ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണ്.
ശരിയായി അല്ല ധരിക്കുന്നതെങ്കില്‍ മുഖാവരണങ്ങള്‍ തന്നെ രോഗ ബാധിയ്ക്ക് ഇടയാക്കുമെന്ന കാര്യം ശ്രദ്ധിക്കണം. ലാന്‍സെറ്റിന്റെ പഠനം വ്യക്തമാക്കുന്നത് പടരാന്‍ സാധ്യതയുള്ള വൈറസുകള്‍ ഏഴ് ദിവസം വരെ സര്‍ജ്ജിക്കല്‍ മാസ്‌കില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയുന്നത് മുഖാവരണം ധരിച്ച് മുഖം തൊടുന്നതോ, മുഖാവരണങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നതോ വൈറസ് ബാധയ്ക്ക് കാരണമായേക്കുമെന്നാണ്.

മുഖാവരണം ധരിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:

  • അടച്ചിട്ട ഇടങ്ങളിൽ വെച്ചോ അല്ലെങ്കില്‍ അപകട സാധ്യത ഏറെയുള്ള സ്ഥലത്തോ ആണ് റിപ്പോര്‍ട്ടിങെങ്കില്‍ സര്‍ജ്ജിക്കല്‍ മാസ്‌കുകള്‍ക്ക് പകരം എന്‍95 (N95) മാസ്‌കുകള്‍ (അല്ലെങ്കില്‍ എഫ്എഫ്പി 2/എഫ്എഫ്പി3) ഉപയോഗിക്കണം
  • മുക്കിന്റെ മുകളില്‍ കൃത്യമായി നില്‍ക്കുന്ന വിധത്തിലും താടി ഭാഗത്തെയും ഉള്‍ക്കൊള്ളുന്ന തരത്തിലാണെന്ന് മുഖാവരണങ്ങള്‍ ധരിക്കേണ്ടത്
  • മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നത് മുഖാവരണങ്ങള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുന്നതിന് സഹായകരമാകും.
  • മുഖാവരണങ്ങള്‍ ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്തതായി ഉറപ്പു വരുത്തണം. മുഖാവരണങ്ങളുടെ പുറം ഭാഗം തൊടുന്നത് ഒഴിവാക്കണം. മുഖാവരണത്തിന്റെ ചരടുകളില്‍ പിടിച്ചുമാത്രം അത് നീക്കം ചെയ്യുക. അങ്ങേയറ്റം അത്യാവശ്യമല്ലെങ്കില്‍ അത് ഇടയ്ക്കിടെ ക്രമീകരിക്കുന്നത് ഒഴിവാക്കുക. മുഖാവരണങ്ങള്‍ കൈ കൊണ്ട് തൊട്ടാല്‍ ഉടനെ തന്നെ കൈ കഴുകുക.
  • മുഖാവരണങ്ങളുടെ പുനരുപയോഗം അപകടം പിടിച്ചതാണ്. ഉപയോഗിച്ച മാസ്‌കുകള്‍ അടച്ചുറപ്പുളള ബാഗുകളില്‍ ഉപേക്ഷിക്കുക.
  • മുഖാവരണങ്ങള്‍ അഴുക്കായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൃത്തിയുള്ള പുതിയവ ഉപയോഗിക്കുക.
  • വ്യക്തി സുരക്ഷയുടെ ഭാഗമായ ഒരു കാര്യം മാത്രമാണ് മുഖാവരണങ്ങള്‍. അതോടൊപ്പം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകുന്നതും ഉറപ്പാക്കുക, അതുപോലെ കണ്ണ്, മൂക്ക്, ചെവി, വായ എന്നി മുഖ ഭാഗങ്ങള്‍ കൈ കൊണ്ട് സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം.  
  • ചില പ്രദേശങ്ങളില്‍ മുഖാവരണങ്ങളുടെ ലഭ്യത കുറയാനും അവയുടെ വില വളരെ കൂടാനുമുള്ള സാധ്യതയും കണക്കിലെടുക്കണം

ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കല്‍

  • അണുക്കളുള്ള ഉപകരണങ്ങളില്‍ നിന്ന് കോവിഡ്-19 പടരാനുളള സാധ്യത വലുതാണ്. അതു കൊണ്ട് തന്നെ ഇവ നല്ലതു പോലെ വൃത്തിയാക്കേണ്ടതും അണു മുക്തമാക്കേണ്ടതും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുമാണ്:
  • സാധ്യമായിടത്തോളം അകലെ നിന്ന് പിടിക്കാന്‍ പറ്റുന്ന ‘ഫിഷ്‌പോള്‍’ (fishpole) മൈക്രോഫോണുകള്‍ ഉപയോഗിക്കുക. കൃത്യമായ ശുചീകരണ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു മാത്രമെ വസ്ത്രത്തില്‍ ഘടിപ്പിക്കുന്ന ക്ലിപ്പ് മൈക്രോഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
  • ഓരോ തവണത്തെ ഉപയോഗം കഴിയുമ്പോഴും മൈക്രോഫോണുകളുടെ കവറുകള്‍ നല്ല ചൂടുവെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കവറുകള്‍ നീക്കം ചെയ്യുമ്പോള്‍ വൈറസുകള്‍ ബാധിക്കുന്നത് തടയുന്നതിന് ആവശ്യമായ പരിശീലനം തേടേണ്ടതാണ്.  കഴിവതും വൃത്തിയാക്കാന്‍ ബുദ്ധിമുട്ടുള്ള ‘വിന്റ് മഫ്’ കവറുകള്‍ ഉപയോഗിക്കാതിരിക്കുക.
  • വില കുറഞ്ഞ ശ്രവണ യന്ത്രങ്ങള്‍ ഉപയോഗിക്കുക. പ്രേത്യകിച്ചും അതിഥികള്‍ക്ക് നല്‍കുന്നവ. ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കാന്‍ കഴിയുന്നവ ആയിരിക്കണം അത്. ഉപയോഗത്തിന് മുന്‍പും ശേഷവും ഇവ അണുമുക്തമാക്കാനും ശ്രമിക്കുക.
  • റിപ്പോര്‍ട്ട് ചെയ്യേണ്ട സ്ഥലത്തു നിന്ന് പരമാവധി അകലം പാലിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ലെന്‍സുകള്‍ ഉപയോഗിക്കുക
  • ജോലി സമയത്ത് എങ്ങനെയാണ് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ധാരണ വേണം. ഉപകരണങ്ങള്‍ അലസമായി എവിടെയെങ്കിലും ഇടരുത്. അവ അടപ്പുള്ള കവറുകളില്‍ സൂക്ഷിക്കണം (അതായത് ഉറപ്പുള്ള കവറുകള്‍ അവ വൃത്തിയാക്കാന്‍ എളുപ്പമാണ്)
  • സാധ്യമാണെങ്കിലും പ്രായോഗികമാണെങ്കിലും ഉപകരണങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് ഉപയോഗിക്കുക. ഉപകരണങ്ങളുടെ പുറം ഭാഗം മലിനമാകാതിരിക്കാന്‍ ഇത് സഹായിക്കും. വൃത്തിയാക്കാനും അണു നശീകരണം നടത്താനും ഇതുമൂലം  എളുപ്പം കഴിയുകയും ചെയ്യും.
  • ചാര്‍ജ്ജ് ചെയ്ത ബാറ്ററികള്‍ കൂടുതലായി കരുതുക. ജോലി സ്ഥലത്തു നിന്ന് ചാര്‍ജ്ജ് ചെയ്യുന്നത്  ഒഴിവാക്കുക. ഇതു മൂലം വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ കഴിയും
  • ഉപകരണങ്ങള്‍ മെലിസ്പ്‌റ്റോള്‍ പോലുള്ള ലായനി ഉപയോഗിച്ച് വൃത്തിയാക്കിയെടുക്ക.ുക  മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ലാപ്‌ടോപുകള്‍, ഹാര്‍ഡ് ഗ്രൈവുകള്‍, മാധ്യമ പാസുകള്‍, ചരടുകള്‍ തുടങ്ങിയവ നല്ലതു പോലെ വൃത്തിയാക്കേണ്ടതുമാണ്.
  • എല്ലാ ഉപകരണങ്ങളും ഉപയോഗം കഴിഞ്ഞ് തിരിച്ചു വെയ്ക്കുമ്പോള്‍ പൂര്‍ണമായും വൃത്തിയാക്കിയിരിക്കണം. ഉപകരണങ്ങളുടെ ചുമതലക്കാര്‍ക്ക് അവ എങ്ങനെയാണ് വൃത്തിയായി സൂക്ഷിക്കേണ്ടത് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഉപകരണങ്ങള്‍ ഉപയോഗത്തിന് ശേഷം ഉപേക്ഷിച്ചു പോകാതെ അവ വൃത്തിയാക്കേണ്ട ചുമതലയുളളയാള്‍ക്ക് യാഥാവിധി കൈമാറേണ്ടതാണ്.
  • വാഹനം ഉപയോഗിച്ചാണ് ജോലിക്ക് പോകുന്നതെങ്കില്‍ ഓരോ ഉപയോഗത്തിന് ശേഷവും വാഹനത്തിന്റെ ഉള്‍വശം നല്ലതുപോലെ വൃത്തിയാക്കിയിരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. പ്രത്യേകിച്ചും സ്പര്‍ശനം ഏറെ ഏല്‍ക്കാന്‍ സാധ്യതയുളള വാതിലുകളിലെ പിടി, സ്റ്റിയറിംങുകള്‍, ഗിയര്‍, ഹാന്റ് ബ്രേക്ക്, സീറ്റ ബെല്‍റ്റ്, ഡാഷ് ബോര്‍ഡ്, വണ്ടിയിലെ ജാലകങ്ങള്‍ തുറക്കാന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ എന്നിവ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.

ഇലക്ട്രിക്ക് ഉപകരണങ്ങൾ വൃത്തിയാക്കൽ

ഇലക്ട്രിക്ക് ഉപകരണങ്ങള്‍ ശുദ്ധമാക്കുന്നതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ് താഴെ പറയുന്നത്. വൃത്തിയാക്കാന്‍ തുടങ്ങുന്നതിന് മുമ്പ് നിര്‍മ്മാതാക്കളുടെ ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണാമായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം:

  • വൈദ്യുതി ബന്ധം, കേബിള്‍ ബന്ധം എന്നിവയില്‍ നിന്ന് ഉപകരണങ്ങളെ പൂര്‍ണമായും സ്വതന്ത്രമാക്കുക
  • ദ്രാവക വസ്തുക്കള്‍ ഉപകരണങ്ങളില്‍ നിന്ന് മാറ്റിവെയ്ക്കുക. ഏയറോസല്‍ സ്‌പ്രെകളോ, ബ്ലീച്ചിങ് പൗഡറുകളോ, ഉരയ്ക്കാനുള്ള വസ്തുക്കളോ ഉപയോഗിക്കാതിരിക്കുക. അവ നിങ്ങളുടെ ഉപകരണങ്ങളെ പൂര്‍ണമായും നശിപ്പിക്കും.
  • ഉപകരണങ്ങളിലേക്ക് ഒരു വസ്തുവും നേരിട്ട്  സ്പ്ര ചെയ്യാതിരിക്കുക.
  • മിനുസമായ ഒട്ടും പരുക്കനല്ലാത്ത തുണികള്‍ മാത്രം ഉപയോഗിക്കുക.
  • ഉപയോഗിക്കുന്ന തുണികള്‍ പൂര്‍ണമായും നനയ്ക്കാതിരിക്കുക. സോപ്പ് കൈ ഉപയോഗിച്ച് തുണിയിലാക്കുക
  • നിരവധി തവണ ഉപകരണങ്ങള്‍ തുടക്കുക.
  • ചാര്‍്ജ്ജു ചെയ്യുന്ന സ്ഥലം, ഇയര്‍ ഫോണുകള്‍ ഘടിപ്പിക്കുന്ന സ്ഥലം, കീ ബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഈര്‍പ്പം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • ഉപകരണങ്ങളിലെ ഈര്‍പ്പം മാറ്റാന്‍ വൃത്തിയുള്ള പരുക്കനല്ലാത്ത തുണി ഉപയോഗിക്കുക
  • ചില നിര്‍മ്മാതാക്കള്‍ 70 ശതമാനം ഇസോപ്രോപ്പൈല്‍ ആല്‍ക്കഹോള്‍ ഉള്ള ലായനികള്‍ സുഷിരങ്ങളില്ലാത്ത ഉറച്ച പ്രതലങ്ങളില്‍ ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്
  • അണു മുക്തമാക്കുന്നതിന് മുമ്പ്  ഉപകരണ നിര്‍മ്മാതക്കളുമായി ഉറപ്പായും ബന്ധപ്പെടുക. കാരണം അണു മുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങള്‍ ചിലപ്പോൾ നിങ്ങളുടെ ഉപകരണങ്ങളെ തകരാറിലാക്കിയേക്കാം

ഡിജിറ്റല്‍ സുരക്ഷ

കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ പല തരത്തിലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് വിധേയമാകാറുണ്ട്. അവ പ്രതിരോധ കുത്തിവെയ്പ്പുകളെ എതിര്‍ക്കുന്നവരില്‍ നിന്നോ, മുഖാവരണം ധരിക്കുന്നതിനെ എതിര്‍ക്കുന്നവരില്‍ നിന്നോ ആകാം. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സ്വയം പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗങ്ങള്‍ സി.പി.ജെ. (CPJ) പ്രസിദ്ധീകരിച്ചിട്ടുണ്ട്

  • വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അഴിമതികള്‍ വ്യാപകമാവുകയാണെന്നാണ് റിപ്പോര്‍ട്ട് ക്രിമിനല്‍ സ്വഭാവമുള്ളവര്‍, ആരോഗ്യ പ്രതിസന്ധി ഉപയോഗിച്ച് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ആക്രമിക്കുകയാണ്. കോവിഡ് -19 മായും പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ടുമുള്ള വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ കംപ്യൂട്ടര്‍ ഉപകരണങ്ങളില്‍  മാല്‍വെയറുകള്‍ സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ ഇതിന്റെ പിന്നിലുണ്ടാകുമെന്നാണ് ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നത്. കോവിഡ്-19 മായി ബന്ധപ്പെട്ടുള്ള ലിങ്കുകള്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് മസേജ് ആപ്പുകളില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുവഴി നിങ്ങളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ മാല്‍വെയറുകള്‍ നിക്ഷേപിക്കപ്പെട്ടേക്കാം
  • ഓണ്‍ലൈന്‍ കോണ്‍്ഫറസുകളെ കു  റിച്ചും അവയുമായി ബന്ധപ്പെട്ട സ്വകാര്യത വിഷയങ്ങളെക്കുറിച്ചും വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ എന്താല്ലാം വിവരങ്ങളാണ് അവര്‍ക്ക് ലഭ്യമാകുകയെന്നും എത്രത്തോളം സുരക്ഷിതമാണ് അവയെന്ന കാര്യവും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. ഏറെ പേരും വിടുകള്‍ കേന്ദ്രീകരിച്ച് ജോലി ചെയ്യാന്‍ നിര്‍ബന്ധിതമായതോടെ ഇതുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്ന കാര്യത്തെ കുറിച്ചും ബോധവാന്മാരാകുക.

ജോലിക്കിടയിൽ നേരിടേണ്ടിവരുന്ന കുറ്റകൃത്യങ്ങളും സുരക്ഷയും

  • വിദേശത്താണ് ജോലി ആവശ്യാര്‍ത്ഥം പോകുന്നതെങ്കില്‍ (താഴെ കാണുക) നിങ്ങള്‍ പോകുന്ന രാജ്യത്തെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുക. മഹാമാരിയുടെ തുടക്കം മുതല്‍ പല രാജ്യങ്ങളിലും പ്രതിഷേധങ്ങളും പെട്ടെന്നുള്ള ആക്രമണങ്ങളും ഉണ്ടായെന്ന കാര്യം മനസ്സിലുണ്ടാവണം. ചില മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ഉണ്ടാവുകയും ചിലരെ ആക്രമിക്കാന്‍ വേണ്ടി ലക്ഷ്യമിടുകയും ചെയ്തിട്ടുള്ളതിനാല്‍ സുരക്ഷകാര്യത്തെ അവഗണിക്കാന്‍ പാടില്ല.
  • ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. രോഗം പരത്താന്‍ സാധ്യതയുണ്ടെന്ന ബോധത്തില്‍ നാട്ടുകാര്‍ ‘പുറത്തുനിന്നുള്ളവരെ’ സംശയിക്കാന്‍ സാധ്യതയുണ്ട്
  • സി.പി.ജെ. (CPJ) ചൂണ്ടിക്കാണിച്ചതുപോലെ സമഗ്രാധിപത്യമുളള രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ കോവിഡ് -19 നെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തടങ്കലില്‍ വെയ്ക്കാനും, അറസ്റ്റ് ചെയ്യപ്പെടാനും അല്ലെങ്കില്‍ നാടു കടത്തപ്പെടാനുമുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നതിനെ ക്കുറിച്ച് ബോധവാന്മാരായിരിക്കണം

അന്താരാഷ്ട്ര യാത്രകള്‍

യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്ര എന്നത് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. വിദേശ രാജ്യങ്ങളിലാണ് റിപ്പോര്‍ട്ടിങ്ങിനുള്ള അവസരം ഉണ്ടാകുന്നതെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്:

  • നിങ്ങള്‍ പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യങ്ങളില്‍ നിലവില്‍ യാത്ര നിരോധനമുണ്ടോ അല്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിരോധനം നിലവില്‍ വരാന്‍ സാധ്യത ഉണ്ടോ എന്നും ഉറപ്പു വരുത്തുക. ചുരുങ്ങിയ കാലത്തെ നോട്ടീസു കൊണ്ട് ഇത്തരത്തില്‍ യാത്ര് നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയേക്കാം
  • ഒരു രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും കര്‍ഫ്യകളും വ്യത്യസ്ത രീതിയില്‍ ആയിരിക്കുമെന്ന കാര്യം മനസ്സിലാക്കുക. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയോ, അല്ലെങ്കില്‍ വളരെ ചുരുങ്ങിയ സമയത്തെ മുന്നറിയിപ്പു കൊണ്ടോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താമെന്ന കാര്യം ശ്രദ്ധിക്കണം. അതുകൊണ്ട് പ്രാദേശിക മാധ്യമങ്ങളില്‍ നിന്ന് നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ശ്രദ്ധിക്കണം
  • തിരിച്ചു വരുമ്പോഴുള്ള സമ്പര്‍ക്ക വിലക്ക് സംബന്ധിച്ച കാര്യങ്ങളില്‍ ചിലപ്പോള്‍ മുന്നറിയിപ്പ് ഇല്ലാതെയും അല്ലെങ്കില്‍ വളരെ ചെറിയ കാലത്തെ മുന്നറിയിപ്പോടെയും മാറ്റങ്ങള്‍ വരുത്തിയേക്കാം. നിങ്ങള്‍ ഏത് രാജ്യത്തെക്കാണ് മടങ്ങുന്നതെന്നതിനെയും എവിടെ നിന്നാണ് മടങ്ങുന്നത് എന്നതിനെയും ആശ്രയിച്ചിരിക്കുമിത്.
  • നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തെ ആരോഗ്യ കേന്ദ്രങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുക. മുന്നറിയിപ്പില്ലാതെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്കാനോ പ്രതിഷേധിക്കാനോ സാധ്യതയുണ്ടെന്ന കാര്യം ഓര്‍ക്കുക.
  • പിപിഇ കിറ്റുകളുടെ ലഭ്യത കുറവോ അല്ലെങ്കില്‍ കിട്ടാന്‍ കടുത്ത ക്ഷാമമോ ഉണ്ടായേക്കാം. ഇവയുടെ ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിക്കകുക. ആവശ്യമെങ്കില്‍ ഇവ സ്വയം  കൊണ്ടു പോകുക.
  • പറ്റുമെങ്കില്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുക. ബന്ധപ്പെട്ട എല്ലാ പ്രതിരോധ കുത്തിവെയ്പ്പുകളും ആരോഗ്യ പരിപാലന സംവിധാനങ്ങളും ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് മുമ്പ് ഉറപ്പു വരുത്തുക.
  • നിങ്ങളുടെ യാത്ര ഇന്‍ഷൂറന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുക. പല സര്‍ക്കാരുകളും അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നതിനെതിരെ നല്‍കിയ നിര്‍ദ്ദേശങ്ങളെ ക്കുറിച്ച് ബോധവാന്മാരായിരിക്കുക
  • നിങ്ങള്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടിയെ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കുക. പല രാജ്യങ്ങളും പൊതു പരിപാടികള്‍ പൂര്‍ണമായോ, അല്ലെങ്കില്‍ നിശ്ചിത ആളുകളിലധികം പങ്കെടുക്കുന്നവയോ പൂര്‍ണമായും വിലക്കിയിട്ടുണ്ടെന്ന കാര്യവും മനസ്സിലാക്കുക.
  • പല രാജ്യങ്ങളുടെയും കര അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കയാണ്. ഇപ്പോള്‍ തുറന്നിട്ടിരിക്കുന്ന അതിര്‍ത്തികള്‍ തന്നെ ഏത് സമയത്തും മുന്നറിയിപ്പ് ഇല്ലാതെ അടച്ചിടാന്‍ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ പെട്ടെന്ന് പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പരിഗണിക്കണം
  • ആരോഗ്യവാനല്ലെങ്കില്‍ യാത്ര ഒഴിവാക്കണം. മിക്ക അന്തരാഷ്ട്ര, പ്രദേശിക വിമാനത്താവളങ്ങളിലും മറ്റ് യാത്ര കേന്ദ്രങ്ങളിലും കര്‍ശനമായ ആരോഗ്യ പരിശോധനകളാണ് നടക്കുന്നത്.
  • ന്യൂസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുകന്നത് കോവിഡ് -19 വലിയ സാമ്പത്തിക ബാധ്യത വിമാന കമ്പനികള്‍ക്ക് ഉണ്ടാക്കുന്നുവെന്നതാണ്. അതുകൊണ്ട്  തന്നെ പണം തിരിച്ചു തരാന്‍ തയ്യാറാകുന്ന കമ്പനികളുടെ ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക.
  • നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കുക. പല രാജ്യങ്ങളും വിസ അനുവദിക്കുന്നത്  നിര്‍ത്തി വെച്ചിരിക്കുകയാണെന്ന കാര്യം ശ്രദ്ധിക്കുക.
  • നിങ്ങള്‍ കോവിഡ്- 19 ബാധിതതന്നല്ലെന്ന രേഖ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന രാജ്യത്ത്  ആവശ്യമാണോ എന്ന കാര്യം പരിശോധിക്കുക
  • വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധനയ്ക്കും മറ്റും കൂടുതല്‍ സമയം ആവശ്യമായി വരുമെന്ന കാര്യം പരിഗണിച്ച് പരിപാടികള്‍ക്കുള്ള സമയ ക്രമം നിശ്ചയിക്കുക. റെയില്‍വെ സ്റ്റേഷനുകളിലും തുറമുഖങ്ങളിലും ദീര്‍ഘ ദൂര ബസ് സ്റ്റേഷനുകളിലും ഇതു തന്നെയാവും സ്ഥിതി.

ജോലിക്ക് ശേഷം

  • രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും കാണിക്കുന്നുണ്ടോ എന്നറിയാന്‍ നിങ്ങളുടെ ആരോഗ്യ സ്ഥിതി സ്ഥിരമായി നിരീക്ഷിക്കുക.
  • അപകട സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് തിരിച്ചു വന്നാല്‍ നിങ്ങള്‍ സമ്പര്‍ക്കങ്ങള്‍ ഒഴിവാക്കി ജീവിക്കേണ്ടിവരും. ഇതു സംബന്ധിച്ച വ്യക്തതയ്ക്ക് വേണ്ടി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കുക.
  • കോവിഡ് -19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ മനസ്സിലാക്കുക. സമ്പര്‍ക്കമില്ലാതെ കഴിയുന്നതുമായി ബന്ധപ്പെട്ട് നിങ്ങള്‍ പുറപ്പെട്ട രാജ്യത്തെയും പോയ രാജ്യത്തെയും നിബന്ധനങ്ങള്‍ എങ്ങനെയാണ് പാലിക്കപ്പെടേണ്ടതെന്ന കാര്യം ശ്രദ്ധിക്കുക.
  • നിങ്ങളുള്ള രാജ്യത്തെ രോഗ വ്യാപനത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത് നിങ്ങള്‍  14 ദിവസത്തിനിടെ അടുത്തിടപഴകിയവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെട്ട രേഖ സൂക്ഷിക്കക എന്നതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സമ്പര്‍ക്കത്തിൽ  ഉണ്ടായവരെ കണ്ടെത്താന്‍ ഇത് സഹായകരമാകും.

രോഗ ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ചെയ്യേണ്ടത്

  • നിങ്ങള്‍ക്ക്  കോവിഡ്-19 രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതെത്ര തന്നെ ലഘുവായാലും മാനേജ്‌മെന്റിനെ അറിയിക്കണം. ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് എത്താനുള്ള  മാര്‍ഗങ്ങള്‍ അവരുമായി ചേര്‍ന്ന് ആലോചിക്കുക. സാധാരണ പോലെ സ്വയം ടാക്‌സി വിളിച്ച് വരാതിരിക്കുക.
  • ലോകാരോഗ്യ സംഘടന (WHO) യുടെയും സി.ഡി.സി. (CDC) യുടെയും പ്രാദേശിക ആരോഗ്യ അധികൃതരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച് നിങ്ങളുടെയും നിങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുക.
  • രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയതിന് ഏഴ് ദിവസങ്ങളാകും വരെയെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. (ഒരോ സര്‍ക്കാരിനും ഇത് സംബന്ധിച്ച് വ്യത്യസ്ത നിര്‍ദ്ദേശങ്ങളായിരിക്കും). അങ്ങനെ ചെയ്യുന്നത് മൂലം നിങ്ങള്‍ രോഗ ബാധിതനായിരിക്കുമ്പോള്‍ നിങ്ങളുടെ സമൂഹത്തിലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
  • നിങ്ങളുടെ തൊഴില്‍ ദാതാവില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ആവശ്യമുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക. അവയൊക്കെ നിങ്ങളുടെ വാതിലിനു മുന്നില്‍ വെയ്ക്കാന്‍ ആവശ്യപ്പെടുക.
  • നിങ്ങള്‍ മറ്റുള്ളവരുമായി താമസം പങ്കിടുന്നവരാണെങ്കില്‍ എല്ലാവരും സമ്പര്‍ക്കത്തില്‍ നിന്ന് നിശ്ചിത കാലം മാറി നില്‍ക്കേണ്ടത് അത്യാവിശ്യ്മാണ്. അതു സംബന്ധിച്ച്  ഉപകാരപ്പെടുന്ന ഒരു നിര്‍ദ്ദേശ രേഖ ഇവിടെ ലഭ്യമാണ്.  കുളിമുറി, ശൗച്യാലയം, അടുക്കളയിലെ സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
  • വീട്ടിലെ മറ്റുള്ളവരില്‍നിന്ന് സാധ്യമായിടത്തോളം അകലം പാലിക്കുക. സാധ്യമെങ്കില്‍ തനിച്ച് ഉറങ്ങുക

ഭൗതികവും മാനസികവും അതുപോലെ ഡിജിറ്റല്‍ സുരക്ഷയ്ക്കായുള്ള നിര്‍ദ്ദേശങ്ങളാണ്  സി.പി.ജെ. (CPJ) യുടെ സേഫ്റ്റി കിറ്റ് നല്‍കുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങളും തെരഞ്ഞെടുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു

[എഡിറ്ററുടെ കുറിപ്പ്:  ഈ മാര്‍ഗ നിര്‍ദ്ദേശം ഫെബ്രുവരി 10, 2020 നാണ് പ്രസി്ദ്ധീകരിച്ചത്. മുകളിലെ പ്രസിദ്ധീകരണ തീയതി ഏറ്റവും അവസാനം പ്രസി്ദ്ധീകരിച്ച ദിവസത്തെ കുറിക്കുന്നു.]