ഇന്ത്യയിൽ, അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും.
ഇതിലേതെങ്കിലും തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമത്തൊഴിലാളികള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതതകള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ശാരീരികാക്രമണം, ഭീഷണി, പീഡനം, ഓണ്‍ലൈന്‍ ഭീഷണി, കോവിഡ് സംക്രമണ സാധ്യത, തടഞ്ഞുവക്കലോ അറസ്‌റ്റോ, റിപ്പോര്‍ട്ടിംഗിനോ ഇന്റര്‍നെറ്റ് ഉപയോഗത്തിനോ ഉണ്ടായേക്കാവുന്ന വിലക്ക് എന്നിവയെല്ലാം മുന്നില്‍ കാണേണ്ടതുണ്ട്. 2020 ല്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നതിനിടയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നതായി സി പി ജെ യുടെ പഠനത്തില്‍ വ്യക്തമായിരുന്നു.
“സാധാരണയായി, ന്യൂസ് എഡിറ്റർമാരോ ബ്യൂറോ മേധാവികളോ അത്തരം അപകടസാധ്യതകളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് ചോദിക്കില്ല. അപകടം മുൻകൂട്ടി അറിയാനും അത് കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ഒരു സംവിധാനവുമില്ല”, ഫെഡറൽ എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ അസോസിയേറ്റ് എഡിറ്റർ കെ. കെ. ഷാഹിന സി പി ജെ യോട് ഫോണിലൂടെ പറഞ്ഞു.
തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള മാര്‍ഗ്ഗ രേഖ സിപി ജെ എമര്‍ജന്‍സീസ് പുതുക്കി പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോ ജേണലിസ്റ്റുകള്‍ എന്നിവര്‍ക്കുള്ളതാണ് ഈ മാര്‍ഗ്ഗ രേഖ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി എങ്ങനെ തയ്യാറെടുക്കാമെന്നും ശാരീരികമോ, മാനസികമോ, സാങ്കേതികമോ ആയ അപകടസാധ്യതകളെ എങ്ങനെ നേരിടാമെന്നും വിവരിക്കുന്നതാണ് രേഖ.
സഹായങ്ങള്‍ക്ക് ബന്ധപ്പെടുക
സഹായമാവശ്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിപിജെ എമെര്‍ജെന്‍സീസിനെ [email protected] എന്ന മെയ്ല്‍ ഐഡി വഴി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ സീനിയര്‍ റീസെര്‍ച്ചര്‍ ആലിയ ഇഫ്തികര്‍ വഴി ([email protected])സിപിജെ യുടെ ഏഷ്യാ പ്രോഗ്രാമിനേയോ, ഇന്ത്യാ കറസ്‌പോണ്ടന്റ് കുനാല്‍ മജുംദാറിനേയോ ([email protected]) സമീപിക്കാവുന്നതാണ്
ഇതു കൂടാതെ സിപിജെ റിസോഴ്സ് സെന്‍ററില്‍ വാര്‍ത്താശേഖരണത്തിന് മുമ്പെടുക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും എന്തെങ്കിലും സംഭവമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന മാര്‍ഗ്ഗരേഖകളുണ്ട്.
എഡിറ്റര്‍മാര്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍
എഡിറ്റര്‍മാര്‍ക്കും എഡിറ്റോറിയല്‍ ഡെസ്‌കിനും റിപ്പോര്‍ട്ടര്‍മാരെ പെട്ടെന്ന് പെട്ടെന്ന് വാര്‍ത്തകള്‍ ശേഖരിക്കാനായി നിയോഗിക്കേണ്ടിവരും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിനുമുമ്പും, വോട്ടെടുപ്പ് സമയത്തും അതിനു ശേഷവുമെല്ലാം. മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാവുന്ന അപകടസാധ്യത കുറക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് താഴെ പറയുന്നത്.
മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതണ്ട്:
- ഈ വാര്‍ത്താശേഖരണത്തിന് വേണ്ടുന്ന അനുഭവ പരിജ്ഞാനമുള്ളയാളാണോ അതിനായി നിയോഗിക്കപ്പെടുന്നത്?
- തിരഞ്ഞെടുത്ത ഏതെങ്കിലും സ്റ്റാഫ് COVID-19 ദുർബല വിഭാഗങ്ങളിൽ പെടുന്നുണ്ടോ?, അല്ലെങ്കിൽ തെരഞെടുക്കപ്പെട്ട സ്റ്റാഫോ, അവരുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലുമോ കോവിഡ് 19 സാധ്യത ഉള്ളവരാണോ ?
- അക്രമാസക്തമായ പരിപാടികള്‍ (ഉദാഹരണത്തിന് പ്രതിഷേധ പ്രകടനം) റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടെ വംശീയമോ മതപരമോ ലിംഗപരമോ ആയ സ്വത്വം കൊണ്ട് ശത്രുതാപരമായ പെരുമാറ്റത്തിനിരയാകേണ്ടി വന്നേക്കുമോ?
- നിയോഗിക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തക/ന്‍ പൂര്‍ണ്ണാരോഗ്യവാനാ/വതിയാണോ? വാര്‍ത്താശേഖരണത്തിനിടെ അയാളെ അലട്ടാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ?
- വാര്‍ത്താശേഖരണത്തിനായി നല്‍കിയിട്ടുള്ള എന്തെങ്കിലും പ്രത്യേക ദൗത്യം അവരെ അപകടത്തിലാക്കുമോ? ഉദാഹരണത്തിന് സംഭവങ്ങള്‍ക്ക് തൊട്ടടുത്ത് പോകേണ്ടി വരുന്ന ഫോട്ടോ ജേണലിസ്റ്റുകള്‍.
ഉപകരണങ്ങളും ഗതാഗതവും
- കോവിഡ് 19 ന്റെ അപകടസാധ്യതകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടോ? അവര്‍ക്ക് ഗുണനിലവാരമുള്ള മാസ്‌കുകളും സാനിറ്റൈസറുകതളും നല്‍കിയിട്ടുണ്ടോ?
- അക്രമാസക്തമായ പ്രകടനങ്ങളോ മറ്റോ റിപ്പോര്‍ട്ടുചെയ്യാന്‍ പോകുമ്പോള്‍ അതിനു വേണ്ടുന്ന, ഹെല്‍മെറ്റ്, സുരക്ഷാ കണ്ണടകള്‍, കവചിത വസ്ത്രം, മെഡിക്കല്‍ കിറ്റ്, കണ്ണീര്‍ വാതകശ്വസനസഹായി തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടോ? അവ ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് അവര്‍ക്കറിയാമെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ?
- തെരഞ്ഞടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ സ്വയം വാഹനമോടിച്ചാണോ പോകുന്നത്? അവരുടെ വാഹനങ്ങള്‍ നിരത്തിലിറക്കാവുന്ന നിലയിലാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ?
- വാര്‍ത്താശേഖരണത്തിനിടെ അവരുമായി ബന്ധപ്പെടുന്നത് എങ്ങനെയാവുമെന്ന് വിശദീകരിച്ചിട്ടുണ്ടോ? ഏതെങ്കിലും
- ആവശ്യം വന്നാല്‍ അവരെ ഫീല്‍ഡില്‍ നിന്ന് തിരിച്ചു കൊണ്ടു വരുന്നതെങ്ങനെയെന്ന് ധാരണയാക്കിയിട്ടുണ്ടോ?
പൊതുവായി ശ്രദ്ധിക്കേണ്ടവ
- നിയോഗിച്ചിട്ടുള്ള സംഘാംഗങ്ങളുടെ ആപത്കാല കോണ്‍ടാക്ടുകളുടെ വിലാസവും നമ്പറുമെല്ലാം കൃത്യമായി ശേഖരിച്ചിട്ടുണ്ടോ?
- ജോലിക്കു നിയോഗിച്ചിട്ടുള്ള എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടുന്ന അക്രെഡിറ്റേഷനും മാധ്യമ പാസ്സുകളും തിരിച്ചറിയല്‍ രേഖകളുമുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ?
- ഈ പ്രത്യേക റിപ്പോര്‍ട്ടിംഗിനിടെ ഉണ്ടാകാവുന്ന അപകടങ്ങള്‍ കണക്കിലെടുത്തിട്ടുണ്ടോ. ചെയ്യുന്ന റിപ്പോര്‍ട്ടിന്റെ മൂല്യവുമായി തട്ടിച്ചു നോക്കുമ്പോള്‍ അപകടസാധ്യത അവഗണിക്കാവുന്നതാണെന്ന് വിലയിരുത്തിയിട്ടുണ്ടോ?
- വാര്‍ത്താ ശേഖരണത്തിനു പോകുന്ന ടീമിന് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ അപകട ഇന്‍ഷ്വറന്‍സുകള്‍ ഉറപ്പു വരുത്തിയിട്ടുണ്ടോ?
- എന്തെങ്കിലും അപകടങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ പ്രാദേശികമായി സഹായം നല്‍കാനായി ആശുപത്രികളുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടോ? ഇക്കാര്യം സംഘാംഗങ്ങളെ അറിയിച്ചിട്ടുണ്ടോ?
- വാര്‍ത്താശേഖരണത്തിനിടെ ഉണ്ടായേക്കാവുന്ന ദീര്‍ഘകാലം നിലല്‍ക്കുന്ന മാനസികാഘാതങ്ങളെ കുറിച്ച് സംസാരിച്ചിട്ടുണ്ടോ?
അപകടസാധ്യതാപഠനത്തേയും, ആസൂത്രണത്തേയും കുറിച്ച് കൂടുതലറിയിയാന്‍ സിപിജെ റീസോഴ്‌സ് സെന്റര്‍ നോക്കുക.
ഡിജിറ്റല്‍ സുരക്ഷ : ഉപകരണങ്ങളുമായുള്ള പ്രാഥമിക തയ്യാറെടുപ്പ്
- തെരഞ്ഞെടുപ്പ് വാര്‍ത്താശേഖരണം നടത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിംഗിനും വാര്‍ത്തകളയക്കാനും സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടാനുമെല്ലാം അവരവരുടെ മൊബൈല്‍ ഫോണുകളാവും ഉപയോഗിക്കുക. വാര്‍ത്താശേഖരണത്തിനിടെ എന്തെങ്കിലും കാരണവശാല്‍ നിങ്ങളെ പൊലീസ് പിടിക്കുകയോ മറ്റോ ചെയ്താല്‍, ഫോണുകള്‍ പിടിച്ചെടുക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതുകൊണ്ടുണ്ടാവുന്ന ഡിജിറ്റല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
- ഫോണില്‍ എന്തെല്ലാം വിവരങ്ങളാണുള്ളതെന്നും അത് പിടിച്ചെടുക്കപ്പെട്ടാല്‍ മറ്റുള്ളവരെ അത് എപ്രകാരം ബാധിച്ചേക്കാമെന്നും കൃത്യമായി ബോധ്യമുണ്ടായിരിക്കണം.
- വാര്‍ത്താശേഖരണത്തിന് പോകും മുമ്പ് ഫോണിലെ വിവരങ്ങളെല്ലാം കൃത്യമായി പകര്‍പ്പെടുത്തു വക്കുകയും വ്യക്തിപരമായ ഫോട്ടോകളും മറ്റും ഉപകരണത്തില്‍ നിന്നും മായ്ച്ചു കളയുകയും വേണം.
- വാര്‍ത്താശേഖരണ വേളയില്‍ ഉപയോഗമില്ലാത്ത ആപ്പുകളില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയും അവ ഫോണില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുക. ബ്രൗസറുകളുടെ ഹിസ്റ്ററി മായ്ച്ചുകളയുകയും അവയില്‍ നിന്ന് ലോഗ് ഔട്ട് ചെയ്യുകയും വേണം. ഫോണ്‍ മറ്റാരെങ്കിലും പരിശോധിക്കാനിടയായാല്‍ നിങ്ങളുടെ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി വക്കാന്‍ ഇതുകൊണ്ട് സാധിക്കും
- എല്ലാ അക്കൗണ്ടുകളും ശക്തമായ പാസ്‌വേഡ് വച്ച് സംരക്ഷിക്കുക. ഫോണ്‍ നഷ്ടപ്പെട്ടാല്‍ പോലും അക്കൗണ്ടുകളിലുള്ള വിവരങ്ങള്‍ റിമോട്ടായി മായ്ച്ചുകളായാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക. വിരലടയാളം പോലുള്ള ബയോമെട്രിക് പാസ്സ് കോഡുകള്‍ ഒഴിവാക്കുക.
- കയ്യില്‍ വളരെ കുറച്ച് ഉപകരണങ്ങള്‍ മാത്രം സൂക്ഷിക്കുക. കഴിയുമെങ്കില്‍ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണ്‍ (ഹാന്‍ഡ് സെറ്റ്) കൂടെ കൊണ്ടു പോകാതിരിക്കുക.
- ആന്‍ഡ്രോയ്ഡ് ഫോണുകളാണെങ്കില്‍ എന്‍ക്രിപ്ഷന്‍ മോഡ് ഓണ്‍ ചെയ്തുവക്കുന്ന കാര്യം ആലോചിക്കുക. പുതിയ ഐ ഫോണുകളില്‍ ഈ സംവിധാനം അല്ലാതെ തന്നെ ലഭ്യമാണ്. അതത് സ്ഥലത്തെ നിയമങ്ങള്‍ മനസ്സിലാക്കി വേണം ഇതുപയോഗിക്കാന്‍.
- എന്‍ഡ് റ്റു എന്‍ഡ് എന്‍്ക്രിപ്ഷന്‍ നല്‍കുന്ന സിഗ്നല്‍ പോലുള്ള മെസെജിംഗ് ആപ്പുകള്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മെസെജുകള്‍ അയക്കുമ്പോള്‍ അവ അല്‍പസമയത്തിനകം മായ്ഞ്ഞു പോകും വിധം ക്രമീകരിക്കുക.
- സൈറ്റുകള്‍ നിരോധിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ വി പി എന്‍ ഉപയോഗിക്കുക. ഇതിന്റെ നിയമവശം പരിശോധിച്ചു വേണം ചെയ്യാന്‍. ഭാഗിക ഇന്റര്‍നെറ്റ് നിരോധനം മുമ്പുണ്ടായിട്ടുള്ള സന്ദര്‍ഭങ്ങളില്‍ മികച്ച സേവനം നല്‍കിയിട്ടുള്ള വി പി എന്‍ സേവനദാതാക്കളെ വേണം തെരഞ്ഞൈടുക്കാന്‍
- സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് നിരോധനമുണ്ടായാല്‍ മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള സമാന്തരപദ്ധതി തയ്യാറാക്കണം
- സിറ്റിസന്‍ ലാബിന്റേയും സി പി ജെയുടേയും അഭിമുഖങ്ങളില്‍ വെളിപ്പെട്ട പോലെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പ്രയോഗിക്കപ്പെടുന്ന പെഗാസ്സസ് അടക്കമുള്ള ചാരസോഫ്റ്റവെയറുകളെ കരുതിയിരിക്കുക. ഒരിക്കല്‍ നിങ്ങളുടെ ഫോണിലെത്തിയാല്‍ അതിന് നിങ്ങളുടെ എന്‍ക്രിപ്ഷനുള്ള വിനിമയ സംവിധാനങ്ങളടക്കം എന്തും നിരീക്ഷണത്തിലാക്കാനാവും. [സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മാത്രമാണ് പെഗാസസ് പോലുള്ള നിരീക്ഷണോപകരണങ്ങള്‍ നല്‍കിയിട്ടുള്ളതെന്നാണ് സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റ് ചെയ്യുന്ന ഇസ്രായേലി കമ്പനിയായ എന്‍ എസ് ഒ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. കരാര്‍ ആരെങ്കിലും ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു.]
ഡിജിറ്റല്‍ സുരക്ഷയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സിപിജെയുടെ ഡിജിറ്റല്‍ സുരക്ഷാ ഗൈഡ് കാണുക.
ഡിജിറ്റല്‍ സുരക്ഷ: ഉപകരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനെ പറ്റി
തെരഞ്ഞെടുപ്പ് സമയത്ത് ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ചില വ്യവസ്ഥാപിത രീതികളുണ്ടാവുന്നത് നല്ലതാണ്. എന്തെങ്കിലും സാഹചര്യത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ
പോലീസ് പിടിച്ചാല്‍ അയാളുടെ ഉപകരണങ്ങളെല്ലാം പരിശോധിക്കപ്പെട്ടേക്കും. ഇതുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല അവരുടെ സോഴ്‌സുകളേയും ബാധിക്കാവുന്ന തരത്തില്‍ പ്രത്യാഘാതങ്ങളുണ്ടാവാം. ഇതു മാത്രമല്ല, ഉപകരണങ്ങള്‍ കേടുവരാനോ, മോഷണം പോകാനോ വരെ സാധ്യതയുണ്ട്. പകര്‍പ്പെടുത്ത് സൂക്ഷിച്ചിട്ടില്ലാത്ത വിവരങ്ങള്‍ ഇതു മൂലം നഷ്ടപ്പെട്ടേക്കാം.
താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിവരങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കാം:
- ഉപകരണങ്ങളില്‍ എന്തെല്ലാം വിവരങ്ങളുണ്ടെന്ന് കൃത്യമായി പരിശോധിക്കണം. നിങ്ങള്‍ക്ക് അപകടകരമായേക്കാവുന്ന നിര്‍ണ്ണായക വിവരങ്ങളുണ്ടെങ്കില്‍ അവ പകര്‍പ്പെടുത്ത ശേഷം മായ്ച്ചു കളയണം. മായ്ച്ചു കളഞ്ഞ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ടെന്നിരിക്കെ, അത്രക്കും നിര്‍ണ്ണായകമായവയാണെങ്കില്‍ പ്രത്യേക കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് എന്നെന്നേക്കുമായി മായ്ച്ചു കളയുക.
- ഫോണിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഉപകരണത്തിലുള്ളവക്കൊപ്പം ക്ലൗഡില്‍ ( ഉദാ: ഗൂഗ്ള്‍ ഫോട്ടോ, ഐ ക്ലൗഡ്) സൂക്ഷിച്ചിട്ടുള്ളവയും കണക്കിലെടുക്കണം.
- മെസേജിംഗ് ആപ്ലിക്കേഷനുകളിലുള്ള ഉള്ളടക്കവും പരിശോധിക്കണം. അവരവരെ അപകടത്തിലാക്കിയേക്കാവുന്ന വിവരങ്ങള്‍ മായ്ച്ചു കളയാന്‍ ശ്രദ്ധിക്കണം. വാട്‌സ് ആപ്പില്‍ വരുന്ന ഉള്ളടക്കങ്ങളെല്ലാം അവര്‍ ഗൂഗ്ള്‍ ഡ്രൈവ്, ഐക്ലൗഡ് തുടങ്ങിയവയില്‍ സൂക്ഷിക്കുന്നുണ്ട് എന്നത് മറക്കരുത്.
- പകര്‍പ്പെടുക്കുന്ന വിവരങ്ങള്‍ എവിടെ സൂക്ഷിക്കണമെന്ന് നേരത്തെ തീരുമാനിക്കണം. ക്ലൗഡ് സെര്‍വറുകളാണോ അതോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകളാണോ സുരക്ഷിതമെന്ന് ആലോചിക്കേണ്ടതുണ്ട്.
- ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ അപ്പപ്പോള്‍ പകര്‍പ്പെടുത്ത് സൂക്ഷിക്കേണ്ടതാണ്. ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഇത് ഉപകാരപ്രദമാകും.
- പകര്‍പ്പെടുത്തുവക്കുന്ന വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തുവക്കുന്നത് നന്നായിരിക്കും. ഇതിനായി ഹാര്‍ഡ് ഡ്രൈവോ, തംപ് ഡ്രൈവോ എന്‍ക്രിപ്റ്റ് ചെയ്യുകയോ ഉപകരണം തന്നെ എന്‍ക്രിപ്ഷന്‍ മോഡില്‍ ഉപയോഗിക്കുകയോ ചെയ്യാം. ഇത്തരത്തില്‍ ചെയ്യുന്നത് നിയമവിധേയമാണോ എന്ന് ആദ്യമേ ഉറപ്പു വരുത്തണം.
- ഏതെങ്കിലും എതിരാളി തന്റെ ഉപകരണങ്ങളോ അതിലെ വിവരങ്ങളോ മോഷ്ടിക്കാന്‍ ശ്രമിക്കുമെന്ന് സംശയമുണ്ടെങ്കില്‍ സ്വന്തം താമസസ്ഥലത്ത് അവ സൂക്ഷിക്കാതിരിക്കുന്നതാവും നന്നാവുക.
- എല്ലാ ഉപകരണങ്ങളും PIN കോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിവക്കുക. എത്ര വലിയ PIN ഉപയോഗിക്കുന്നുവോ സുരക്ഷ അത്രയും കൂടുതലായിരിക്കും.
- സ്വന്തം മൊബൈല്‍ ഫോണിലേയും കംപ്യൂട്ടറിലേയും വിവരങ്ങള്‍ ദൂരസ്ഥലത്തിരുന്നും, മായ്ച്ചുകളയാവുന്ന നിലയില്‍ ക്രമീകരിക്കുക. ആരെങ്കിലും അവ കൈവശപ്പെടുത്തിയാല്‍ തന്നെ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്റെര്‍നെറ്റില്‍ കണക്ട് ചെയ്താല്‍ മാത്രമേ ഇത് സാധിക്കൂ എന്ന് മാത്രം.
ഡിജിറ്റല്‍ സുരക്ഷ: സുരക്ഷിതമായ ആശയവിനിമയ മാര്‍ഗങ്ങള്‍
മറ്റുള്ളവരുമായി എങ്ങനെ സുരക്ഷിതമായി ആശയവിനിമയം നടത്താം എന്നുള്ളത് ഡിജിറ്റല്‍ സുരക്ഷയുടെ ഒരു സുപ്രധാന ഭാഗമാണ്. പ്രത്യേകിച്ചും കോവിഡ്19 മൂലം മാധ്യമ പ്രവര്‍ത്തകര്‍ വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുമ്പോള്‍. മാധ്യമ പ്രവര്‍ത്തകരും എഡിറ്റര്‍മാരും പരസ്പരം നേരില്‍ കാണുന്നതിനുപകരം, കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ കൂടിക്കാഴ്ച നടത്തുന്നത് വര്‍ദ്ധിച്ചു വരികയാണ്. മാധ്യമപ്രവര്‍ത്തകരുടെയും, വാര്‍ത്താ ഉറവിടങ്ങളുടെയും സുരക്ഷയ്ക്കായി ഇത്തരം സംഭാഷണങ്ങളും, വെബിനാറുകളും, സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.
- അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പാസ്സ്‌വേര്‍ഡ് ബലപ്പെടുത്തുകയും, ടു സ്റ്റെപ്പ് വേരിഫിക്കേഷന്‍ ഏര്‍പ്പെടുത്തുകയും ചെയ്യുക.
- ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിംഗിനായി വ്യക്തിഗത ഇമെയില്‍ അക്കൗണ്ടിന് പകരം, ഓഫീസ് മെയിലില്‍ നിന്നും സൈന്‍ അപ്പ് ചെയ്യുക. ഇതിലൂടെ വ്യക്തിഗത വിവരങ്ങളും കോണ്‍ടാക്ട് ലിസ്റ്റും മറ്റുള്ളവര്‍ക്ക് ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്താനാകും.
- പൊതു പരിപാടികള്‍ അല്ലാത്ത ഓണ്‍ലൈന്‍ കോണ്‍ഫറന്‍സുകളുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തരുത്. ആരൊക്കെ പങ്കെടുക്കുന്നു എന്ന കാര്യം ഉറപ്പുവരുത്തുന്നതിന് ഇത് സഹായിക്കും.
- കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം സര്‍വീസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
- പത്തില്‍ താഴെ ആളുകള്‍ മാത്രമുള്ള ചെറിയ ഗ്രൂപ്പിനോടാണ് വീഡിയോയിലൂടെ സംസാരിക്കേണ്ടത് എങ്കില്‍ വാട്ട്‌സ്ആപ്പ്, സിഗ്‌നല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.
സൂം ആണ് ഉപയോഗിക്കുന്നതെങ്കില്‍:
സൂം പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി താഴെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക
- സൂമില്‍ ഓരോ യൂസറിനും വ്യക്തിഗത ഐ.ഡി ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ ഐ.ഡി സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പൊതുവായി പങ്കു വയ്ക്കാതിരിക്കാന്‍ സൂക്ഷിക്കണം.
- മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്കായി പാസ്സ്‌വേര്‍ഡ് സൃഷ്ടിക്കുക.
- വെയ്റ്റിംഗ് റൂം ഫംഗ്ഷന്‍ ഉപയോഗപ്പെടുത്തുക. ഇതിലൂടെ ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് മീറ്റിംഗില്‍ പങ്കെടുക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ ആകും. ആരൊക്കെയാണ് വെയ്റ്റിംഗില്‍ ഉള്ളതെന്ന് നോക്കിയ ശേഷം, ക്ഷണിക്കപ്പെടാത്ത വര്‍ക്കും, പരിചയമില്ലാത്ത വര്‍ക്കും ഇതിലൂടെ അനുമതി നിഷേധിക്കാം.
- ക്ഷണിക്കപ്പെട്ട എല്ലാവരും എത്തിച്ചേര്‍ന്ന ശേഷം മീറ്റിംഗ് റൂം ലോക്ക് ചെയ്യുക.
- വീഡിയോ, ശബ്ദം, സ്‌ക്രീന്‍ ഷെയര്‍ എന്നിവ ഓണ്‍ഓഫ് ചെയ്ത് മീറ്റിംഗില്‍ പങ്കെടുക്കുന്നവരെ നിയന്ത്രിക്കാവുന്നതാണ്.
- ആരെ വേണമെങ്കിലും ഇടയ്ക്കുവെച്ച് സൂം കാളില്‍ നിന്നും പുറത്താക്കുകയോ, അവര്‍ക്ക് മീറ്റിംഗ് റൂമിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്ത വിധത്തില്‍ ബ്ലോക്ക് ചെയ്യുകയോ ആവാം.
- സൂമിന്റെ ഏറ്റവും പുതിയ വേര്‍ഷനാണ് ഉപയോഗിക്കുന്നതെന്നും, ഏന്‍ഡ്ടുഏന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതായും ഉറപ്പുവരുത്തുക.
ഡിജിറ്റല്‍ സുരക്ഷ: ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, ട്രോളിങ്, വ്യാജപ്രചാരണങ്ങള്‍
തെരഞ്ഞെടുപ്പ് കാലയളവില്‍, ലക്ഷ്യം വെച്ചുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കാറുണ്ട്. ഇത്തരം ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് മിക്കപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ ഇരയാകുന്നു. മാധ്യമ പ്രവര്‍ത്തകരുടെയും, അവരുടെ പ്രവര്‍ത്തനങ്ങളുടെയും വിശ്വാസ്യത തകര്‍ക്കുകയാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സംഘടിതമായ ആക്രമണങ്ങളും, വ്യാജ പ്രചാരണങ്ങളും നടന്നേക്കാം. പ്രത്യേകിച്ചും വനിതാ മാധ്യമ പ്രവര്‍ത്തകരെ ഇത്തരത്തില്‍ ഓണ്‍ലൈനായി ആക്രമിക്കുന്ന നിരവധി കേസുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന് സിപിജെയ്ക്ക് അറിയാവുന്നതാണ്. ഇത്തരം ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം എളുപ്പമല്ലെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ക്ക് താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്.
അക്കൗണ്ട് സുരക്ഷ
ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം. താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ അക്കൗണ്ടുകളും, വിവരങ്ങളും സുരക്ഷിതമാക്കാം.
- വലുതും, ശക്തവുമായ പാസ്‌വേഡുകള്‍ അക്കൗണ്ടുകള്‍ക്കായി സൃഷ്ടിക്കുക. 16 ലധികം അക്ഷരങ്ങളോട് കൂടിയ ഈ പാസ്സ്‌വേര്‍ഡ്, ഓരോ അക്കൗണ്ടുകള്‍ക്കും വെവ്വേറെ പ്രത്യേകമായി നല്‍കണം. പാസ്‌വേഡ് മാനേജര്‍ ഉപയോഗിക്കുന്നതാണ് പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ ഉള്ള ഏറ്റവും മികച്ച മാര്‍ഗം. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.
- അക്കൗണ്ടുകള്‍ക്ക് റ്റൂ ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ (2FA) ഏര്‍പ്പെടുത്തുക.
- ഓരോ അക്കൗണ്ടുകളുടെ യും പ്രൈവസി സെറ്റിംഗ്‌സ് പരിശോധിച്ച് ഫോണ്‍ നമ്പര്‍, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യുക. സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍ക്കൊക്കെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കുന്നു എന്ന് പരിശോധിക്കുകയും, പ്രൈവസി സെറ്റിംഗ്‌സ് ലൂടെ ഇത് നിയന്ത്രിക്കുകയും ചെയ്യുക.
- അക്കൗണ്ടുകള്‍ പരിശോധിച്ച്, നിങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യുക. ട്രോളുകള്‍ ഉണ്ടാക്കുന്നതിനായി ഈ രീതിയാണ് സാധാരണയായി അവലംബിച്ചു കാണുന്നത്.
- ട്രോളിങ് വല്ലാതെ കൂടുന്നുണ്ടോ, ഡിജിറ്റല്‍ ഭീഷണികള്‍, കായികമായ ഭീഷണിയായി മാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. ചില വാര്‍ത്തകള്‍ നല്‍കുന്നത് ഉയര്‍ന്ന തോതിലുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് കാരണമായേക്കാമെന്ന് മനസ്സിലാക്കുക.
- ഓണ്‍ലൈന്‍ ആക്രമണങ്ങളെ കുറിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും സംസാരിക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ട്രോളുകള്‍ ഉണ്ടാക്കുന്നതിനായുള്ള വിവരങ്ങള്‍ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍നിന്നും ശേഖരിക്കപ്പെട്ടേക്കാം. അതിനാല്‍ നിങ്ങള്‍ ഉള്‍പ്പെട്ട ഫോട്ടോകള്‍ നീക്കം ചെയ്യാനോ, അക്കൗണ്ടുകള്‍ ലോക്ക് ചെയ്യാനോ ആവശ്യമെങ്കില്‍ മറ്റുള്ളവരോട് പറയുക.
- നിങ്ങള്‍ നേരിടുന്ന ഓണ്‍ലൈന്‍ ആക്രമണത്തെക്കുറിച്ച്, നിങ്ങളുടെ മാധ്യമ സ്ഥാപനത്തെ അറിയിക്കുക. ട്രോളുകള്‍ പരിധി വിടുന്നുണ്ടെങ്കില്‍ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കുക.
ആക്രമണത്തിനിടെ
- ഓണ്‍ലൈന്‍ ആക്രമണം നടത്തുന്നവരുമായി നേരിട്ട് ഇടപെടുന്നത് സ്ഥിതി സങ്കീര്‍ണ്ണം ആക്കിയേക്കാം. ഇത്തരം ഇടപെടല്‍ ഒഴിവാക്കുക.
- ആക്രമണത്തിന് പിന്നില്‍ ഉള്ളവര്‍ ആരൊക്കെയെന്നും, അവരുടെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിയുക. നിങ്ങള്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട് ആയിരിക്കാം ഈ ഓണ്‍ലൈന്‍ ആക്രമണം.
- ഇത്തരത്തിലുള്ള അതിക്രമങ്ങളും, ഭീഷണികളും മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം.
- ഇത്തരം ആക്രമണങ്ങള്‍ക്കു പിന്നിലെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍, ഇവ പ്രസിദ്ധപ്പെടുത്തിയ തീയതി, സമയം എന്നിവ ഉള്‍പ്പെട്ട രേഖകള്‍, കമന്റുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍ എന്നിവ ശേഖരിക്കുന്നത് ഉപകാരം ചെയ്യും. മാധ്യമ സ്ഥാപനത്തെയോ, മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന സംഘടനകളെയോ , അധികാരികളെയോ കാണിക്കുന്നതിനായി ഇവ ഉപയോഗിക്കാം.
- ഹാക്കിങ്ങിനെക്കുറിച്ച് സദാ ശ്രദ്ധ പുലര്‍ത്തുക. പാസ്‌വേഡ് ശക്തമാണെന്നും , റ്റൂ ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ഏര്‍പ്പെടുത്തിയെന്നും ഉറപ്പുവരുത്തുക.
- കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരോട് നിങ്ങള്‍ നേരിടുന്ന ഓണ്‍ലൈന്‍ ആക്രമണത്തെക്കുറിച്ച് അറിയിക്കുക. നിങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതിനായി അക്രമികള്‍ കുടുംബാംഗങ്ങള്‍ക്കിടയിലും, ജോലിസ്ഥലത്തും അതിക്രമത്തിനായി ഉപയോഗിക്കുന്ന വിവരങ്ങള്‍ എത്തിച്ചു നല്‍കാന്‍ സാധ്യതയുണ്ട്.
- ഓണ്‍ലൈന്‍ അതിക്രമം നടത്തുന്നവരെ ബ്ലോക്ക്, മ്യൂട്ട് എന്നിവ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ ആക്രമണത്തെക്കുറിച്ച് സോഷ്യല്‍ മീഡിയ കമ്പനിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും, ഇതു സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുകയും വേണം.
- ഓണ്‍ലൈന്‍ ഭീഷണികള്‍, നേരിട്ടുള്ള ഭീഷണിയായി മാറുന്നുണ്ടോ എന്നകാര്യം വിലയിരുത്തുക. നിങ്ങളുടെ മേല്‍വിലാസം ആരെങ്കിലും ഓണ്‍ലൈനായി പ്രസിദ്ധീകരിക്കുന്നതും, നിങ്ങളെ ആക്രമിക്കാന്‍ ആവശ്യപ്പെട്ട് മറ്റാരേയെങ്കിലും ബന്ധപ്പെടുന്നതും, ഒരേ ആളില്‍ നിന്നും തുടര്‍ച്ചയായി ഭീഷണി വര്‍ധിച്ചു വരുന്നതും ഈ രീതിയില്‍ കണക്കാക്കാവുന്നതാണ്.
- അതിക്രമങ്ങള്‍ കുറയുന്നതു വരെ ഓഫ്‌ലൈന്‍ ആകുന്ന കാര്യം പരിഗണിക്കാവുന്നതാണ്
- ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട അനുഭവങ്ങള്‍ ആയിരിക്കാം. എന്നാല്‍ നിങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സംവിധാനം ഒപ്പം ഉണ്ടെന്ന് ഉറപ്പുവരുത്തുക. തൊഴിലുടമയും ഈ സംവിധാനത്തിന്റെ ഭാഗം ആകുന്നതാണ് ഏറ്റവും മികച്ച രീതി.
ശാരീരിക സുരക്ഷ: കോവിഡ് സാഹചര്യത്തില്‍
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ സാമൂഹിക അകലം കാത്തുസൂക്ഷിക്കുക എന്നുള്ളത് ഏറെ വെല്ലുവിളിയാണ്. പൊതുസ്ഥലങ്ങളില്‍ വന്‍തോതില്‍ ആള്‍ക്കൂട്ടം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ പൊതുവേ മാസ്‌ക് ധരിക്കാത്ത സാഹചര്യം ഉണ്ടാകാം. ഇത്തരം സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി നില്‍ക്കേണ്ടതായും വരാം. ഇത്തരമിടങ്ങളില്‍ വൈറസ് കണികകളുമായി സമ്പര്‍ക്കത്തില്‍ വരാനും, പ്രക്ഷുബ്ധരായ ജനങ്ങളില്‍ നിന്നും വാക്കുകളാലും കായികമായുമുള്ള ആക്രമണങ്ങള്‍ ഏല്‍ക്കാനും സാധ്യതയുണ്ട്. ചിലര്‍ മനപ്പൂര്‍വമായി ചുമയ്ക്കുക, തുമ്മുക എന്നിവ ചെയ്യാനും സാധ്യതയുണ്ട്.
- ആളുകള്‍ ഉറക്കെ സംസാരിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും വൈറസ് കണികകള്‍ വ്യാപിക്കുന്നതിനുള്ള സാധ്യതയാണ്. ഇത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് രോഗം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
- പൊതുപരിപാടികളിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും വ്യത്യസ്തമാണ്. ഇവയില്‍ മുന്നറിയിപ്പ് കൂടാതെ മാറ്റങ്ങള്‍ വരാനും സാധ്യതയുണ്ട്. ഓരോ പ്രദേശത്തെയും നിയന്ത്രണങ്ങള്‍ കൃത്യമായി മനസ്സിലാക്കുക. ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 2020 ഇല്‍ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതും പോലീസ് പിടിയിലായതുമായ സംഭവങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക.
- വിദേശത്തേക്കോ, മറ്റ് സംസ്ഥാനങ്ങളിലേക്കോ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അടുത്ത കാലത്തായി ചെയ്ത കോവിഡ് പരിശോധനയുടെ ഫലം കൈവശം കരുതുന്നത് ആവശ്യമായി വരാം. അവിടെ എത്തിച്ചേരുന്നത് മുതല്‍ ക്വാറന്റൈനില്‍ കഴിയേണ്ടതായും വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട ഓരോ സംസ്ഥാനങ്ങളിലെയും വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.
- ആള്‍ക്കൂട്ടത്തിനിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ N95/ FFP2 തുടങ്ങി ഗുണനിലവാരമുള്ള മാസ്‌കുകള്‍ ഉപയോഗിക്കണം. മാസ്‌ക്കുകള്‍ ധരിക്കാതിരുന്നാല്‍ അധികൃതര്‍ പിഴ ഈടാക്കാന്‍ സാധ്യതയുണ്ട്.
- ജോലിയില്‍ ഉടനീളം ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി കഴുകുന്നു എന്ന് ഉറപ്പുവരുത്തുക. തുടര്‍ന്ന് കൈകള്‍ കൃത്യമായി ഉണക്കിയെടുക്കുക. കൈകള്‍ കഴുകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആല്‍ക്കഹോള്‍ ബേസ്ഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക. എന്നാല്‍ ഇത് കൈകള്‍ കഴുകുന്നതിന് പകരമായി കാണരുത്.
- തിരികെ വീട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പ് എല്ലാ വസ്ത്രങ്ങളും ഷൂസും ഊരി മാറ്റുക. ഇവ ചൂടുവെള്ളവും, ഡിറ്റര്‍ജന്റും ഉപയോഗിച്ച് വൃത്തിയാക്കുക.
- ജോലിക്കു ശേഷം ഇതിന് ഉപയോഗിച്ച് ഉപകരണങ്ങള്‍ പൂര്‍ണ്ണമായും വൃത്തിയാക്കുക
റിപ്പോര്‍ട്ടിങ്ങിനിടെ പാലിക്കേണ്ട കോവിഡ് മുന്‍കരുതലുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സിപിജെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും വായിക്കുക
ശാരീരിക സുരക്ഷ: തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍
തെരഞ്ഞെടുപ്പ് കാലയളവില്‍ മാധ്യമ പ്രവര്‍ത്തകര്‍ പൊതുയോഗങ്ങള്‍, പ്രചാരണ പരിപാടികള്‍, പ്രതിഷേധങ്ങള്‍ എന്നിവയില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും ലൈവ് ബ്രോഡ്കാസ്റ്റ് നടത്തേണ്ടി വരികയും ചെയ്യാറുണ്ട്.
അത്തരം പരിപാടികളിലെ അപകടസാധ്യത പരമാവധി കുറയ്ക്കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ താഴെപ്പറയുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാവുന്നതാണ്.
രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും
- കൃത്യമായ പ്രസ് അക്രഡിറ്റേഷന്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഉറപ്പുവരുത്തുക. ഫ്രീലാന്‍സേര്‍സ് ജോലിക്കായി ചുമതലപ്പെടുത്തിയവരില്‍ നിന്നുമുള്ള കത്ത് കൈവശം കരുതുക. സുരക്ഷിതമാണെങ്കില്‍ മാത്രം ഇവ പരസ്യമായി പ്രദര്‍ശിപ്പിക്കുക, മാധ്യമ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കഴുത്തില്‍ തൂക്കിയിടുന്നത് ഒഴിവാക്കുക, ബെല്‍റ്റിലോ, മേല്‍ക്കൈയ്യിലോ ഇവ ധരിക്കുക.
- മാധ്യമ കമ്പനിയുടെ മുദ്രയോട് കൂടിയ വസ്ത്രങ്ങള്‍ ധരിക്കരുത്. വാഹനങ്ങളിലെയും, ഉപകരണങ്ങളിലെയും മീഡിയ ലോഗോ ആവശ്യമെങ്കില്‍ നീക്കം ചെയ്യുക.
- സാന്‍ഡല്‍സ്, സ്ലിപ്പോണ്‍ ഇനങ്ങളില്‍പ്പെട്ട ചെരുപ്പുകള്‍ ധരിക്കരുത്. ഉറപ്പും ദൃഢതയുമുള്ള കണങ്കാലിന് സംരക്ഷണം നല്‍കുന്ന തരം ചെരുപ്പുകള്‍ ധരിക്കുക.
- സുരക്ഷിതമായ ഇടങ്ങളില്‍, പുറത്തേക്ക് രക്ഷപ്പെടുന്നതിനുള്ള ദിശയ്ക്ക് നേരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക. ഇതുകൂടാതെ മറ്റേതെങ്കിലും വാഹനസൗകര്യം കൂടി ഉറപ്പുവരുത്തുക.
- സ്ഥിതിഗതികള്‍ മോശമായാല്‍ രക്ഷപ്പെടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുക. എത്തിച്ചേര്‍ന്നയുടനെ മുന്‍കൂട്ടി തന്നെ ഇതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക. ഒരു സ്ഥലത്തുനിന്നും രക്ഷപ്പെടുന്നതിനുള്ള എല്ലാ വഴികളും മനസ്സിലാക്കി വയ്ക്കുക.
- ആള്‍ക്കൂട്ടത്തിന്റെ വികാരം നിര്‍ണയിക്കുക. സ്ഥലത്ത് മുന്‍പുതന്നെ എത്തിച്ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഇതു സംബന്ധിച്ച വിവരം ആരായുക. ആവശ്യമെങ്കില്‍ മറ്റൊരു റിപ്പോര്‍ട്ടറേയോ, ഫോട്ടോഗ്രാഫറേയോ കൂടി ഒപ്പം കൂട്ടുക.
- മാധ്യമങ്ങള്‍ക്കായി അനുവദിച്ച പ്രത്യേക ഇടങ്ങളില്‍ നിന്നു കൊണ്ടുതന്നെ പരമാവധി റിപ്പോര്‍ട്ട് ചെയ്യുക. ആവശ്യമുണ്ടായാല്‍ പോലീസിന്റെയും, സുരക്ഷാ ഉദ്യോഗസ്ഥരുടെയും സഹായം ലഭിക്കുമെന്ന് ഉറപ്പു വരുത്തുക
- ആള്‍ക്കൂട്ടമോ പ്രാസംഗികരോ മാധ്യമങ്ങള്‍ക്ക് നേരെ ശത്രുതാ മനോഭാവം ആണ് സ്വീകരിക്കുന്നതെങ്കില്‍ വാക്കുകളിലൂടെയുള്ള അധിക്ഷേപത്തിന് മാനസികമായി തയ്യാറെടുക്കുക. അത്തരം സാഹചര്യങ്ങളില്‍ ആക്ഷേപങ്ങളോട് പ്രതികരിക്കാതെ, സ്വന്തം ജോലി ചെയ്യുക. ആള്‍ക്കൂട്ടവുമായി ഇടപെടരുത്. നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ആണെന്നും, മറ്റുള്ളവര്‍ അങ്ങനെയല്ല എന്നും ഓര്‍ക്കുക.
- ആളുകള്‍ തുപ്പുകയോ സാധനങ്ങള്‍ വലിച്ചെറിയുകയോ ചെയ്യാന്‍ സാധ്യതയുണ്ടെങ്കില്‍ ഹൂഡഡ്, വാട്ടര്‍പ്രൂഫ് ബമ്പ് ക്യാപ്പ് ധരിക്കുക.
- അന്തരീക്ഷം മോശം ആകുന്നതായി കണ്ടാല്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിയുകയോ, ആളുകളുമായി വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.
- പരിപാടി നടക്കുന്ന വേദിയുടെ പുറത്തുനിന്നുമാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെങ്കില്‍ മറ്റൊരു
- സഹപ്രവര്‍ത്തകയ്ക്ക് ഒപ്പം ജോലി ചെയ്യുകയാണ് അഭികാമ്യം. പുറത്തേക്ക് പോകാന്‍ മാര്‍ഗ്ഗങ്ങള്‍ ഉള്ള സുരക്ഷിതമായ സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുക. വാഹനത്തിന്റെ അടുത്തേക്കുള്ള വഴി കൃത്യമായി മനസ്സിലാക്കുക. കയ്യേറ്റം ചെയ്യുമെന്ന് ഉറപ്പാണെങ്കില്‍ സുരക്ഷയുടെ പ്രാധാന്യം തിരിച്ചറിയുക, അവിടെ നില്‍ക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കുക.
- ജോലി ശ്രമകരവും വെല്ലുവിളി നിറഞ്ഞതും ആണെങ്കില്‍ ഈ വിവരം മനസ്സില്‍ തന്നെ സൂക്ഷിക്കാതെ മേലധികാരികളോടും, സഹപ്രവര്‍ത്തകരോടും പങ്കുവയ്ക്കുക. അവര്‍ കൂടി തയ്യാര്‍ എടുക്കേണ്ടതും, എല്ലാവരും പരസ്പരം കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും ആവശ്യമാണ്.
പ്രതിഷേധ പരിപാടികള്‍
തയ്യാറെടുപ്പ്:
- പ്രതിഷേധക്കാരെ കീഴടക്കുന്നതിനായി ഇന്ത്യയിലുടനീളം പോലീസ് വെടിക്കോപ്പുകള്‍, റബ്ബര്‍ ബുള്ളറ്റ്, പെല്ലറ്റ് ഗണ്‍, കണ്ണീര്‍ വാതകം, ലാത്തി തുടങ്ങിയവ ഉപയോഗിച്ചിട്ടുണ്ട്. അക്രമം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ സേഫ്റ്റി ഗോഗിള്‍സ്, ഹെല്‍മറ്റ്, ടിയര്‍ ഗ്യാസ് റെസ്പിറേറ്റര്‍, ദേഹ സുരക്ഷാ കവചം എന്നിവ ധരിക്കുന്ന കാര്യം പരിഗണിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി സിപിജെയുടെ പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് ഗൈഡ് (പിപിഇ) ഇവിടെ വായിക്കാം
- പ്രദേശത്തിന്റെ രൂപരേഖ മുന്‍കൂട്ടി പഠിക്കുക. അടിയന്തര സാഹചര്യം നേരിടാനുള്ള പദ്ധതി മുന്‍കൂട്ടി തയ്യാറാക്കുക. രക്ഷപെടാനുള്ള എല്ലാ മാര്‍ഗങ്ങളും അറിഞ്ഞു വയ്ക്കുക.
- പ്രതിഷേധ സ്ഥലങ്ങളില്‍ ഒറ്റയ്ക്ക് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഏതെങ്കിലും സഹ പ്രവര്‍ത്തകര്‍ക്ക് ഒപ്പം ജോലിചെയ്യാന്‍ ശ്രമിക്കുകയും, സ്ഥാപനം, കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്തുകയും വേണം. രാത്രിയില്‍ ജോലി ചെയ്യുന്നത് അപകടകരം ആയതിനാല്‍ ഇത് കഴിയുന്നതും ഒഴിവാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഒറ്റയ്ക്ക് ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സിപിജെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വായിക്കുക
- മെഡിക്കല്‍ കിറ്റ് ഉപയോഗിക്കാന്‍ അറിയുന്നവര്‍, അത് ഒപ്പം കരുതുക. മൊബൈല്‍ ഫോണ്‍ ബാറ്ററി ഫുള്‍ ചാര്‍ജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- അയഞ്ഞ വസ്ത്രങ്ങളും, മുദ്രാവാക്യങ്ങള്‍, മീഡിയ ബ്രാന്‍ഡിംഗ്, മിലിട്ടറി പാറ്റേണ്‍, രാഷ്ട്രീയ ബന്ധമുള്ള നിറങ്ങള്‍, നൈലോണ്‍ തുടങ്ങി പെട്ടെന്ന് തീ പിടിക്കുന്ന തരം വസ്ത്രങ്ങളും ഒഴിവാക്കുക.
- ഉറപ്പും ദൃഢതയുമുള്ള കണങ്കാലിന് സംരക്ഷണം നല്‍കുന്ന തരം ചെരുപ്പുകള്‍ ധരിക്കുക.
- നീളമുള്ള മുടിയാണെങ്കില്‍ മുകളില്‍ കെട്ടി വയ്ക്കുക. ആരെങ്കിലും പിന്നിലേക്ക് വലിക്കാനുള്ള സാധ്യത കണക്കിലെടുത്താണിത്.
- വിലപിടിപ്പുള്ള വസ്തുക്കള്‍ വളരെ കുറച്ചു മാത്രം ഒപ്പം കരുതുക. ഉപകരണങ്ങള്‍ വാഹനങ്ങളില്‍ വച്ചിട്ട് പോകരുത്, ഇവ തകര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്. രാത്രിയില്‍ കുറ്റകൃത്യങ്ങളുടെ സാധ്യത കൂടും .
ബോധവല്‍ക്കരണവും നിലയുറപ്പിക്കലും:
- സാഹചര്യങ്ങളെ കുറിച്ചുള്ള അറിവ് എല്ലായ്‌പോഴും കാത്തുസൂക്ഷിക്കുകയും, നിലയുറപ്പിച്ചിരിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തുകയും വേണം. കഴിയുന്നതും ഉയരമുള്ള സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത് കൂടുതല്‍ സുരക്ഷിതമായിരിക്കും.
- സംഘമായാണ് ജോലി ചെയ്യുന്നതെങ്കില്‍ രക്ഷപ്പെടുന്നതിനുള്ള മാര്‍ഗ്ഗങ്ങളും, പിന്നീട് എത്തിച്ചേരുന്നതിനുള്ള സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കുക.
- വൈദ്യസഹായം ലഭിക്കുന്ന ഏറ്റവും അടുത്ത കേന്ദ്രം കണ്ടെത്തി വയ്ക്കുക
- ആള്‍ക്കൂട്ടത്തിനിടയില്‍ ആണ് ജോലി ചെയ്യുന്നതെങ്കില്‍ പുറത്തേക്ക് കടക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുക. ആള്‍ക്കൂട്ടത്തിനു നടുവില്‍ പെടാതെ ഏറ്റവും പുറത്തായി നിലയുറപ്പിക്കുക. നടുവില്‍ നിന്നും രക്ഷപ്പെടാന്‍ എളുപ്പമല്ല.
- ആള്‍ക്കൂട്ടത്തെ നേരിടുന്ന സാഹചര്യത്തില്‍ അധികാരികളുടെ പെരുമാറ്റവും, ഭാവ വ്യത്യാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക. ആള്‍ക്കൂട്ടം ക്ഷുഭിതരായാല്‍ പോലീസ് അക്രമോത്സുകത കൈവരിക്കാന്‍ ഇടയുണ്ട്, മറിച്ചും സംഭവിക്കാം. പോലീസ് റയറ്റ് ഗിയര്‍ ധരിക്കുന്നതും, പ്രതിഷേധത്തിനിടെ കല്ലേറ് ആരംഭിക്കുന്നതും പ്രതിഷേധം അക്രമസ്വഭാവം കൈവരിക്കുന്നതിന്റെ സൂചനകളാണ്. ഇത്തരം സൂചനകള്‍ കിട്ടിയാല്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറുക.
- ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ആണ് ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ അപകടസാധ്യത. ഫോട്ടോഗ്രാഫര്‍ക്ക് പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് മറ്റൊരാള്‍ കൂടെ ഉണ്ടായിരിക്കുകയും, കാര്യങ്ങള്‍ സദാ നിരീക്ഷിക്കുകയും വേണം. ക്യാമറയുടെ ചരട് കഴുത്തില്‍ മുറുക്കാന്‍ സാധ്യതയുള്ളതിനാല്‍ ക്യാമറ കഴുത്തില്‍ തൂക്കുന്നത് ഒഴിവാക്കണം. ഫോട്ടോ ജേര്‍ണലിസ്റ്റ്കള്‍ക്ക് ദൂരെ നിന്ന് ജോലി ചെയ്യാനുള്ള അവസരം മിക്കപ്പോഴും ഇല്ലാത്തതിനാല്‍, ആള്‍ക്കൂട്ടത്തിനിടയില്‍ പരമാവധി കുറച്ച് സമയം മാത്രം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം. എത്രയും വേഗം ചിത്രങ്ങളെടുത്തു പുറത്തുകടക്കുക.
- ആള്‍ക്കൂട്ടം എപ്പോള്‍ വേണമെങ്കിലും അക്രമസ്വഭാവം കൈവരിക്കാം എന്നതിനാല്‍ കൂടുതല്‍ സമയം അവിടെ ചിലവഴിക്കാതെ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.
പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാല്‍:
കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് ചുമ, തുമ്മല്‍, ഓക്കാനം, കണ്ണീര്‍, ശ്വാസമെടുക്കാന്‍ പ്രയാസം എന്നിവയ്ക്ക് കാരണമാകാം. ചിലര്‍ക്ക് ഛര്‍ദ്ദിയും ശ്വാസം മുട്ടും അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍ കോവിഡ് വ്യാപന സാധ്യത ഉയരുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം വരാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആസ്ത്മ തുടങ്ങിയ ശ്വസന സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവരെ കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ആള്‍ക്കൂട്ടമുള്ള പരിപാടികളും, കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളും നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം.
ഇതിനുപുറമേ കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള രോഗാണുക്കളുടെ വ്യാപന സാധ്യത ഉയര്‍ത്തുന്നതായി തെളിവുകളുണ്ടെന്ന് എന്‍പിആര്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയെക്കുറിച്ചും, ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയുന്നതിനും സിപിജെയുടെ സിവില്‍ ഡിസ്ഓര്‍ഡര്‍ അഡ്വൈസറി വായിക്കുക
ശാരീരിക അതിക്രമങ്ങള്‍:
- പ്രതിഷേധക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങള്‍ മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണോത്സുകമായ പെരുമാറ്റങ്ങളെ നേരിടേണ്ടി വരുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
- പ്രതിഷേധക്കാര്‍ക്ക് മാധ്യമ പ്രവര്‍ത്തകരോട് ഉള്ള മനോഭാവം ആള്‍ക്കൂട്ടത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് തന്നെ മനസ്സിലാക്കുക. ആക്രമിക്കാന്‍ സാധ്യതയുള്ളവരില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തുക.
- അക്രമിയെ തിരിച്ചറിയാനായി അയാളുടെ ശരീരഭാഷ നിരീക്ഷിച്ചു വിലയിരുത്തുക. സാഹചര്യത്തെ ശാന്തമാക്കുന്ന തരം ശരീരഭാഷ സ്വയം പുലര്‍ത്തുക.
- അക്രമിയുമായി ഐ കോണ്‍ടാക്ട് സൂക്ഷിക്കുക. കൈകള്‍ തുറന്നു പിടിച്ചുള്ള ശാരീരിക ചലനങ്ങളും, ശാന്തമായ സംഭാഷണരീതിയും പിന്തുടരുക
- അപകടസാധ്യതയില്‍ നിന്നും ശാരീരികമായ കൈ അകലം പാലിക്കുക. പിടിക്കപ്പെട്ടാല്‍ തീര്‍ത്തും ആക്രമണോത്സുകത കാണിക്കാതെ പിന്തിരിഞ്ഞ് രക്ഷപ്പെടുക. അപകടാവസ്ഥയില്‍ ഒറ്റപ്പെട്ടാല്‍ ഉച്ചത്തില്‍ അലറി വിളിക്കുക.
- അക്രമം കൂടിവന്നാല്‍ തലയ്ക്ക് നേരെയുള്ള ആക്രമണം ചെറുക്കുന്നതിന് ഒരു കൈ സ്വതന്ത്രമായി സൂക്ഷിക്കുക, താഴെ വീഴാത്ത തരത്തില്‍ ഉറച്ച ചുവടുവയ്പ്പുകളോടെ നടന്നു നീങ്ങുക. സംഘമായാണ് അവിടെ ഉള്ളതെങ്കില്‍ പരസ്പരം ചേര്‍ന്ന് നിന്ന് കൈകള്‍ കോര്‍ത്തു പിടിക്കുക.
- അക്രമങ്ങള്‍ ചിത്രീകരിക്കുന്നത് മാധ്യമ പ്രവര്‍ത്തനത്തിന് സുപ്രധാന ഭാഗമാണെങ്കിലും, സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും സ്വന്തം സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുക. അക്രമോത്സുകരായി നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് സന്ദര്‍ഭം കൂടുതല്‍ വഷളാക്കും.
- തടഞ്ഞ് നിര്‍ത്തപ്പെടുന്ന പക്ഷം അക്രമിക്ക് എന്താണോ വേണ്ടത് അത് നല്‍കുക. നിങ്ങളുടെ ജീവനേക്കാള്‍ വില ഉപകരണങ്ങള്‍ക്ക് ഇല്ല.
ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന വിഭാഗങ്ങള്‍ക്ക് ഇടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉള്ള ശാരീരിക സുരക്ഷ
മാധ്യമങ്ങളോടും പുറത്തുനിന്നുള്ളവരോടും ശത്രുതാ മനോഭാവം പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് ഇടയില്‍ നിന്നും, പ്രദേശങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ് നടത്തേണ്ടതായി വരാം. മാധ്യമങ്ങള്‍ അവരെക്കുറിച്ച് നിഷ്പക്ഷമായി റിപ്പോര്‍ട്ടിംഗ് നടത്തുന്നില്ലെന്നോ, അവരെ മോശം രീതിയില്‍ ചിത്രീകരിക്കുന്നു എന്നോ ഉള്ള ധാരണ മൂലമാണ് ഇത്തരം മനോഭാവം ഉണ്ടാകുന്നത്. ഇത്തരത്തില്‍ മാധ്യമങ്ങളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന വിഭാഗങ്ങള്‍ക്കിടയില്‍, തിരഞ്ഞെടുപ്പ് വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരാം.
അപകട സാധ്യത കുറയ്ക്കുന്നതിനായി:
- പ്രദേശവാസികളുടെ കാഴ്ചപ്പാടുകളെക്കുറിച്ച് മുന്‍കൂട്ടി പഠിക്കുക. മാധ്യമങ്ങളോടുള്ള അവരുടെ പ്രതികരണം എന്താണെന്ന് മനസ്സിലാക്കുക. കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റാത്ത തരത്തില്‍ സാധാരണമായി പെരുമാറുക.
- പ്രദേശത്തേക്ക് സുരക്ഷിതമായി കടന്നുചെല്ലാന്‍ ഉള്ള മാര്‍ഗങ്ങള്‍ മുന്‍കൂട്ടി ഉറപ്പുവരുത്തുക. ക്ഷണിക്കപ്പെടാതെയും, കൂടെ നില്‍ക്കാന്‍ ആളില്ലാതെയും എത്തിച്ചേരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ആ പ്രദേശവുമായി പരിചയം ഇല്ലെങ്കിലോ, പുറത്തുനിന്നുള്ള ആളായി കണക്കാക്കപ്പെടുമെങ്കിലോ, പ്രദേശവാസിയായ ആരെയെങ്കിലും സഹായത്തിനായി ഒപ്പം കൂട്ടുക. സമുദായ നേതാക്കളോ, പ്രദേശവാസികള്‍ക്ക് മതിപ്പുള്ള ആരെങ്കിലുമോ ഒപ്പമുണ്ടെങ്കില്‍ സഹായകരമാവും. അടിയന്തര ഘട്ടത്തില്‍ സഹായിക്കുന്നതിനായും ഇത്തരം സഹായം ഉറപ്പു വരുത്തണം.
- മദ്യവും മയക്കുമരുന്നും പതിവായി ഉപയോഗിക്കുന്നവരുടെ ഇടയില്‍ ആണെങ്കില്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത കൂടുന്നു.
- ടീം ആയോ ബാക്ക് അപ് ടീമോടെയോ ജോലി ചെയ്യുകയാണ് കൂടുതല്‍ നല്ലത്. അപകടസാധ്യതകള്‍ വിലയിരുത്തിയശേഷം ബാക്ക് അപ്പ് ടീം ആവശ്യം വന്നാല്‍ സഹായം നല്‍കാവുന്ന വിധത്തില്‍ നിലയുറപ്പിക്കണം.
- ഷോപ്പിംഗ് മാള്‍, പെട്രോള്‍ പമ്പുകള്‍ തുടങ്ങി അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളില്‍ ഇതിനായി നിലയുറപ്പിക്കാം .
- സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മനസ്സിലാക്കി പദ്ധതികള്‍ തയ്യാറാക്കുക, അപകടസാധ്യത വളരെ കൂടുതലാണെങ്കില്‍ സുരക്ഷാ സഹായം സ്വീകരിക്കുക, ജോലി ചെയ്യുന്നതിനിടെ ഉണ്ടാവുന്ന അപകട സാധ്യതകള്‍ നിരീക്ഷിക്കുന്ന ജോലിയ്ക്കായി പ്രദേശത്തു നിന്നുള്ളവരെ ചുമതലപ്പെടുത്താം.
- വാഹനങ്ങള്‍ ഉടന്‍ പുറപ്പെടാന്‍ പറ്റുന്ന വിധത്തില്‍ നിര്‍ത്തിയിടുക,ഡ്രൈവര്‍ വാഹനത്തില്‍ തന്നെ ഉണ്ടാകുന്നതാണ് ഉചിതം.
- വാഹനത്തില്‍ നിന്നും വളരെ ദൂരെയാണ് ജോലി ചെയ്യുന്നതെങ്കില്‍ എങ്ങനെ വാഹനത്തിന്റെ അടുത്തേക്ക് മടങ്ങി എത്താമെന്ന് മനസ്സിലാക്കിയിരിക്കണം. സ്ഥലം തിരിച്ചറിയുന്നതിനുള്ള വിശദാംശങ്ങള്‍ സഹപ്രവര്‍ത്തകരുമായി പങ്കു വയ്ക്കുക.
- വൈദ്യ സഹായം ആവശ്യമായി വന്നാല്‍ എവിടെ നിന്നും ലഭിക്കുമെന്ന് മനസ്സിലാക്കുക. പുറത്തേക്ക് കടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക.
- ഏതെങ്കിലും വ്യക്തികളുടെ ഫോട്ടോ എടുക്കുകയോ, വീഡിയോ ചിത്രീകരിക്കുകയോ ചെയ്യുന്നതിനുമുമ്പ് ഇതിനായി അനുവാദം വാങ്ങുക. പെട്ടെന്ന് പുറത്തേക്ക് കടക്കാന്‍ കഴിയാത്ത ഇടം ആണെങ്കില്‍ ഇത് നിശ്ചയമായും ചെയ്യണം.
- ആവശ്യമായ വിവരങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുറത്തു കടക്കുക. ആവശ്യത്തില്‍ കൂടുതല്‍ സമയം അവിടെ വെറുതേ തങ്ങരുത്. എത്ര സമയം ചെലവഴിക്കണം എന്ന് മുന്‍കൂട്ടി നിശ്ചയിക്കുന്നത് നല്ലതാണ്. ടീം അംഗങ്ങളില്‍ ആര്‍ക്കെങ്കിലും അസുഖകരമായി എന്തെങ്കിലും അനുഭവപ്പെട്ടാല്‍ ചര്‍ച്ച ചെയ്ത് സമയം പാഴാക്കാതെ പുറത്തേക്ക് കടക്കുക.
- മീഡിയ കമ്പനി ബ്രാന്‍ഡിംഗ് ഇല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. വാഹനങ്ങളില്‍ നിന്നും ഉപകരണങ്ങളില്‍ നിന്നും ആവശ്യമെങ്കില്‍ മീഡിയ ലോഗോ മാറ്റുക
- മെഡിക്കല്‍ കിറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാമെങ്കില്‍ അത് ഒപ്പം കരുതുക.
- മറ്റുള്ളവരുടെ വിശ്വാസങ്ങളോടും ആശങ്കകളോടും എല്ലായ്‌പോഴും ബഹുമാനം പുലര്‍ത്തുക
- വിലപിടിച്ച വസ്തുക്കള്‍, പണം എന്നിവ ഒപ്പം കരുതുന്നത് പരമാവധി കുറയ്ക്കുക. മോഷ്ടാക്കള്‍ക്ക് നിങ്ങളുടെ കൈവശം ഉള്ള ഉപകരണങ്ങളോട് താല്പര്യം തോന്നാന്‍ സാധ്യതയുണ്ടോ? തടഞ്ഞു നിര്‍ത്തപ്പെട്ടാല്‍ അവര്‍ എന്താണോ ആവശ്യപ്പെടുന്നത് അത് നല്‍കുക. ജീവനെക്കാള്‍ വില ഉപകരണങ്ങള്‍ക്ക് ഇല്ല.
- രാത്രിയില്‍ ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക, ഈ സമയത്ത് അപകടസാധ്യത വളരെയധികം ഉയരുന്നു
- ഈ പ്രദേശത്തേക്ക് വീണ്ടും പോകേണ്ടി വരുമെന്ന കാര്യം, വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് മനസ്സില്‍ ഓര്‍ക്കുക. വീണ്ടും അവിടെ മടങ്ങിയെത്തിയാല്‍ നിങ്ങള്‍ നല്‍കിയ വാര്‍ത്ത അവിടെ എന്തു തരം പ്രതികരണമാവും സൃഷ്ടിക്കുക?